Tuesday, February 2, 2010

മുഖം മൂടികള്‍

ഒരിക്കലും നീ കാണരുത് എന്റെ കരയുന്ന മുഖം
പല മുഖംമൂടികള്‍ കയ്യില്‍ കരുതി ..
ചിരിക്കാന്‍ കരുതിയ കോമാളി മുഖം പക്ഷെ
പലപ്പോഴും ചിരിക്കാതിരുന്നു .

Saturday, January 23, 2010

അറിയാത്ത വഴികള്‍

ഇനി ഈ ആതിരരാവിനുമപ്പുറം മഞ്ഞ വാകകള്‍ വരവേല്‍ക്കുന്ന ഒരു വേനല്‍ ..
ആര്‍ക്കോ കാത്തു വച്ച ഒരു മാമ്പഴം ...
ഒരു പിന്‍വിളി ..ഒഴിവുകാലം ..

കര്‍ക്കിടക രാത്രികള്‍ ..
അനാദിയായ മഴതുള്ളികള്‍ തൊട്ടു വിടര്‍ത്തുന്ന ഒരു കുട്ടിക്കാലം
പിന്നെ ഒരു പൂക്കാലം ..തളിര്‍ത്തു പൂക്കുന്ന ഓര്‍മകളുടെ പൂക്കളങ്ങള്‍ ..
പിന്നെയും ശരത്കാലത്തിന്റെ ഉത്സവരാവുകള്‍

കാല്‍പാടുകള്‍ മായാതെ ഇനിയും ഈ
മണല്‍ പരപ്പില്‍ നാം..
നീണ്ട ചക്രവാളതിനപ്പുറം ഒരു ചുവന്നസന്ധ്യ കറുത്ത് വളരുന്നു ..
വിരല്‍തുമ്പ് ഞാന്‍ ചേര്‍ത്ത് പിടിക്കട്ടെ ..അറിയാത്ത വഴികളാണ് മുന്നില്‍ ..

Thursday, January 14, 2010

അറിയില്ല

എവിടെ തുടങ്ങിയെന്നറിയാം
അറിയില്ല എവിടെയ്ക്കെന്നു..
അറിയില്ല ഏതു വരെയ്ക്കെന്നു
അറിയാത്ത വഴികളുടെ അറ്റം എവിടെയെന്നുമറിയില്ല
ഒരുമിച്ചു നടന്ന വഴികളെ അറിയാം
നടക്കാന്‍ ഇനി എത്ര ദൂരം എന്നറിയില്ല
ഈ ഉറക്കം ഉണരുമ്പോള്‍ നീയെവിടെ..?
ഞാനെവിടെ..?
മാഞ്ഞുപോയ സ്വപ്നം പുനര്‍ജനിക്കുവോളം ..
അറിയില്ല കിനാവുകള്‍ക്ക് പുനര്‍ജന്മമുണ്ടോയെന്നു ,,?

Saturday, January 9, 2010

ഒപ്പം നടക്കാം

ഒരു പാദം മയക്കത്തിലും
മറുപാദം സ്വപ്നത്തിലും ..
ചാരനിറം പടര്‍ന്ന
നഗര രാവുകള്‍ ..

തോളോട് തോള് ചേര്‍ന്നു നടക്കാം ..
ഇരുട്ടില്‍ വിരിയുന്ന കിനാപൂവുകള്‍ തൊട്ടു
മറന്നു പോയ ഒരു പൂര്‍വകാലം മനസ്സില്‍ വിരിക്കാം

മുന്നില്‍ ഇനിയും കനല്‍
വഴികളാണ് ..ഒരു കണ്‍ കോണില്‍ ഇത്തിരി സ്നേഹം
മഴതുള്ളിയാവും കുളിര്
നെഞ്ചോട്‌ ചേര്‍ക്കാം

നിന്നോട് ചാരെ ചേര്‍ന്നൊരു സ്വപ്നം ..
രാത്രി വിട പറയുന്നതിനും മുന്‍പേ ..
ഒരുമിച്ചു കാണാം .
ഒരു പാദം മയക്കത്തിലും
മറുപാദം സ്വപ്നത്തിലും ..

Wednesday, December 30, 2009

ആഘോഷരാവുകള്

ഓരോ നിറവും വാര്‍ന്നു ഒഴുകിയത്‌ കണ്ണീരിനൊപ്പമായിരുന്നു
എന്‍റെയും ,നിന്‍റെയും

മഴവില്ലിന്‍ നിറം വാര്‍ന്ന മാനം..
ഒഴിഞ്ഞ ചഷകങ്ങളും, തെളിഞ്ഞ ചില്ല് പാത്രങ്ങളും
വാര്‍ന്നു പോയ നിറങ്ങളെ കുറിച്ച് പറയുന്നു ..

അല്ലെങ്കില്‍ എത്ര നിശബ്ദമായി ഒരു
ഭാവവും ബാക്കിയാകാതെ
മൌനം നിറഞ്ഞ ഈ നിമിഷത്തിന്റെ വര്‍ണങളെ
ഹൃദയത്തോട് ചേര്‍ക്കുന്നു ..

നാളെ ഇനിയും വര്ണ വില്ലുകള്‍ തേടിയെത്തും ..
പതഞ്ഞൊഴുകി നിറയും ഇനിയും തൊട്ടറിയാത്ത
പുതിയ ആഘോഷരാവുകള്‍

Wednesday, December 23, 2009

നക്ഷത്രങ്ങള്‍

വര്ണവിളക്കുകള്‍ക്കും
നക്ഷത്രങ്ങള്‍ വെളിച്ചം വിതറുന്ന ഈ രാത്രിയും
നിന്‍റെ ഓര്‍മകളുടെ വെളിച്ചത്തില്‍ കൂടുതല്‍ തിളങ്ങുന്നു
നിന്‍റെ കിനാവുകളില്‍
തിളങ്ങുന്ന നക്ഷത്രങ്ങള്‍
എന്‍റെ കിനാവുകളാണ്
അത് മാത്രമാണ് ..
നീയറിയാതെ പോവുന്നത്

Friday, December 18, 2009

ഓര്‍മ്മകള്‍

നിന്നെ കാത്തു സ്വയം മറന്നു പോയ രാത്രികളൊന്നില്‍
ഞാന്‍ എന്നെ തേടിയിറങ്ങി
നിലാവില്‍ ആദ്യം കണ്ട പൂവിനു
നിന്‍റെ ഓര്‍മകളുടെ ഇതളുകളായിരുന്നു .