Friday, July 31, 2009

നാം കാലങ്ങള്‍ക്കപ്പുറം...ഓര്‍മകളില്‍ എന്താവും ..?

നാം കാലങ്ങള്‍ക്കപ്പുറം...ഓര്‍മകളില്‍ എന്താവും ..?

ഓര്‍മയില്‍ ഒരു പുല്‍തുമ്പിലെ മഞ്ഞുതുള്ളി
കണ്ണില്‍ കുളിര്‍തുള്ളിയായി ..
അറിയില്ല ആ തുള്ളിയെവിടെയെന്നു
ആ പുല്‍നാമ്പും ...ആ പുലര്‍കാലവും ..
നിന്‍റെ നിശ്വാസങ്ങള്‍ക്ക് ..
പുല്‍നാമ്പിനും മിഴികള്‍ക്കുമിടയിലെ
അകലം ..ഒരു തുള്ളി കുളിര്‍ കാലം ...

Friday, July 24, 2009

കാലിടോസ്കോപ്

കൂര്‍ത്ത വള പൊട്ടാണ് ..
നിന്റെ ഓരോ ഭാവവും ..
ഓരോ വാക്കും ..ഓരോ നിറം ..
നിന്റെ മൊഴികളില്‍ നിന്നൂര്‍നവ ..

ഓരോന്നായി ഞാന്‍ ഹൃദയത്തില്‍ ചേര്‍ക്കും ..
അപ്പൊ നൂറു വര്‍ണങ്ങള്‍ വാരിച്ചുറ്റി
എന്റെ സ്വപ്നങ്ങള്‍ വിടരും ..
ഒന്ന് ഉലയുമ്പോള്‍ പുതിയ നിറം... പുതിയ ഭാവം ...

ചിലത് എന്റെ ഹൃദയത്തില്‍ കോറി വരഞ്ഞു .. കീറും ..
അവയ്ക്ക് കൂടുതല്‍ ചുവന്ന നിറം ..
പ്രണയത്തിന്റെ പനിനീര്‍ പൂവുകള്‍ക്കും ചുവന്ന നിറമാണ് ..

Friday, July 17, 2009

നീ ചിരിക്കുമ്പോള്‍

നീ ചിരിക്കുമ്പോള്‍ ...
ഇന്നാണ് ഇന്നലെയെക്കാള്‍ നന്നായത് എന്നറിയും

ഇന്നിനു വേണ്ടിയാണ് കാത്തിരുന്നത് എന്നും

നീ വിളിക്കുമ്പോള്‍

ഈ പായലിന്റെ പച്ച പിടിച്ച നടവഴിയിലൂടെ ..

പതിവില്ലാതെയാരോ നടന്നു വരുന്നതായി തോന്നും ..

നിന്‍റെ മിഴി നനയുമ്പോള്‍ ..

വിരിഞ്ഞ പാരിജാതങ്ങളെ കൊഴിച്ചു ..

നിറങ്ങളെ എല്ലാം മറച്ച് ഒരു മഴ ...

എനിക്ക് ആ നനവാര്‍ന്ന കുളിര് ഇഷ്ടമല്ല

Friday, July 10, 2009

തോരാനിട്ടവ


തോരാനിട്ടവ

വേനല്‍ പകലില്‍ തോര്‍ന്നു മണ്ണില്‍ വിരിച്ചത് കണ്ണീരിന്റെ നനവായിരുന്നു ..
ഒറ്റപെട്ട ഉഷ്ണപകല്‍ അവയെ തൊട്ടെടുത്തു ..
വറ്റിവരണ്ട കണ്ണുകള്‍ക്ക്‌ ...കുംഭ ചൂട് ..
പകര്‍ന്നു പോയത്‌ ഓര്‍മകളുടെ തണുപ്പായിരുന്നു ..

ഈ കര്‍ക്കിടകത്തിന്റെ ഈറന്‍ പകലില്‍ തോരാനിട്ടവ മഴ വാരി നനഞ്ഞു..
ഒരു നനവില്‍നിന്നും മുഴുനനവിലേക്ക് ...
കേട്ടതും പറഞ്ഞതും ...തണുതുപോയവ ..
തോരാതെ പോയത്‌ വേദനകളായിരുന്നു ..

ഇത് വരെ നനഞ്ഞൊട്ടിയ ഓര്‍മകളുടെ മുറിവുകള്‍ ..
തോര്‍ന്നുപോയത് ...അനുഭവങ്ങളുടെ തുള്ളികള്‍ ..
തോരാതെ പോയത്‌ ..മുറിവുകളുടെ പാടുകള്‍ ..
ഓര്‍മകളുടെ ഈറന്‍ ബാക്കിയായ മുറിപാടുകള്‍ ...

Monday, July 6, 2009

പെയ്തൊഴിയട്ടെ

ഈറന്‍രാത്രി ബാക്കിയാക്കിയ ഒരു തരി വെട്ടം
നീലച്ച ജലാശയങ്ങള്‍ നിശ്ചലം .. ഇരുഭാഗവും ..
വലയെറിയുന്നോര്‍ .. .ധൃതിയില്‍ മടങ്ങുന്നു ..
തണുപ്പ് വിരിക്കുന്നു തടാകതടങ്ങളില്‍ ..
ഒഴിഞ്ഞു പോയിരിക്കുന്നു മീനുകള്‍ ..
വലിയ പേമാരി വരുന്നു വീടെത്തണം ..

വഴിയരികിലെ മണ്ഡപത്തില്‍ ലഹരി പകര്‍ന്നു
പരസ്പരം പലതും പറഞ്ഞു ..
കൂട്ടം വിട്ടു ..പെതോഴിഞ്ഞ മഴകുളിരില്‍ ...
ഒറ്റയ്ക്ക് നടന്നു ..കടലോരതെയ്ക്ക് ..
എനിക്ക് മഴ തുള്ളികളെ ചേര്‍ത്ത് പിടിക്കാന്‍ തോന്നി ..
അത് നിന്റെ നിറഞ്ഞ കണ്ണുകള്‍ ....

കല്‍മതിലിനപ്പുരം ഉറഞ്ഞാര്‍ക്കുന്ന കടല്‍ ..
ഇരുട്ടിലും വരഞ്ഞു വെളുത്ത വരകള്‍ ..
ഓരോ തിരകളെയും കയ്യിലെടുക്കുവാന്‍ തോന്നി
അത് നിന്റെ നിശ്വസങ്ങളായി .....

ഈ രാത്രിമഴയുടെ മുടികളില്‍ തലോടി ഒരു
സാന്ത്വനം നിനക്കായി ചേര്‍ത്ത് വയ്ക്കുന്നു ..
ഇനി പെയ്യുന്ന മഴയില്‍ നിന്നെ നനയ്ക്കട്ടെ ഒരു സാന്ത്വന മഴ ...

ആടി തിമിര്‍ത്ത തെങ്ങുകള്‍ക്കിടയിലൂടെ
തിരിച്ചു നടക്കുമ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു
കന്ത്ടങ്ങളെ തൊട്ടു നനച്ചു ....മറ്റൊന്നും എനിക്കില്ല
നിനക്കായി ബാക്കിയായ്‌ ...
...

Friday, July 3, 2009

പാടുമ്പോള്‍

കടല്‍തിരകളില്‍ നിലാവ് തിളങ്ങുന്നതിനെ കുറിച്ച് ...
നദിയില്‍ പെയ്തു വീഴുന്ന നനുത്ത നിലാവെളിച്ത്തെ കുറിച്ച് ..
രാത്രി മുല്ലകള്‍ ചന്ദ്രശോഭയില്‍ വിടരുന്നതിനെ കുറിച്ച് ...
പാടികൊണ്ടിരുന്നു ..
അന്ന് അമാവാസ്സിയായിരുന്നു