Tuesday, July 23, 2019

തിരിച്ചിറക്കം


ഉള്ളിൽ ഒരു നദി ഉറവിലേക്ക് തിരിച്ചിറങ്ങുന്നുണ്ട് കടൽ വിട്ടകലുമ്പാൾ ഉപ്പിന്റെ കണ്ണീർ പിന്നിൽ നീറി അകലുന്നുണ്ട് സ്നാന ഘട്ടങ്ങൾ പകർന്ന വിഴുപ്പുകൾ മാഞ്ഞുമായുന്നുണ്ട് അരുവികളുടെ അടരുകൾ തേടി ജലവിരലുകൾ അരിച്ചിറങ്ങുന്നുണ്ട് പുൽക്കൊടിയുടെ വേരുപടലങ്ങളിൽ ഒരു തുള്ളി നിറമില്ലാതെ സൂര്യനെ കാത്തു നിൽക്കുന്നുണ്ട്

പഴയ വഴികൾ

പഴങ്കഥകളിൽ അഭിരമിക്കുന്നവർ വാർദ്ധക്യത്തിന്റെ മഞ്ഞക്കണ്ണുകളിൽ ലോകം കാണുന്നു മുന്നിൽ നടന്നു മറയുന്ന ജീവിതങ്ങളിൽ മറന്നു തുടങ്ങിയ മിടിപ്പുകൾ തേടും സിനിമാ പാരഡൈസോയിലെ നായകൻ വൃദ്ധനല്ല അയാൾ പ്രണയത്തിന്റെ കടൽ നീന്തി കടന്നവൻ പഴയ പ്രണയകഥ ഒരിക്കലും ആരോടും പറയാതിരുന്നവൻ ഫ്ലോറൻസോ അരിസ ഒരിക്കലും വാർദ്ധക്യം അടുത്തുവരാത്തവൻ പ്രണയയാനത്തിന്റെ മഞ്ഞപതാകയ്ക്കു കീഴിൽ യൗവനം വിരിച്ചവൻ വലിയ മത്സ്യവുമായി കടൽ താണ്ടിയെത്തിയത് കിഴവനല്ല പഴങ്കഥകളിലെ ഇടവഴികളിൽ ഇപ്പോൾ കോളാമ്പി പൂക്കളില്ല നടന്നു പോകുന്നവർ പഴയ കഥകൾ കേൾക്കുന്നവരുമല്ല