Tuesday, July 23, 2019

തിരിച്ചിറക്കം


ഉള്ളിൽ ഒരു നദി ഉറവിലേക്ക് തിരിച്ചിറങ്ങുന്നുണ്ട് കടൽ വിട്ടകലുമ്പാൾ ഉപ്പിന്റെ കണ്ണീർ പിന്നിൽ നീറി അകലുന്നുണ്ട് സ്നാന ഘട്ടങ്ങൾ പകർന്ന വിഴുപ്പുകൾ മാഞ്ഞുമായുന്നുണ്ട് അരുവികളുടെ അടരുകൾ തേടി ജലവിരലുകൾ അരിച്ചിറങ്ങുന്നുണ്ട് പുൽക്കൊടിയുടെ വേരുപടലങ്ങളിൽ ഒരു തുള്ളി നിറമില്ലാതെ സൂര്യനെ കാത്തു നിൽക്കുന്നുണ്ട്

പഴയ വഴികൾ

പഴങ്കഥകളിൽ അഭിരമിക്കുന്നവർ വാർദ്ധക്യത്തിന്റെ മഞ്ഞക്കണ്ണുകളിൽ ലോകം കാണുന്നു മുന്നിൽ നടന്നു മറയുന്ന ജീവിതങ്ങളിൽ മറന്നു തുടങ്ങിയ മിടിപ്പുകൾ തേടും സിനിമാ പാരഡൈസോയിലെ നായകൻ വൃദ്ധനല്ല അയാൾ പ്രണയത്തിന്റെ കടൽ നീന്തി കടന്നവൻ പഴയ പ്രണയകഥ ഒരിക്കലും ആരോടും പറയാതിരുന്നവൻ ഫ്ലോറൻസോ അരിസ ഒരിക്കലും വാർദ്ധക്യം അടുത്തുവരാത്തവൻ പ്രണയയാനത്തിന്റെ മഞ്ഞപതാകയ്ക്കു കീഴിൽ യൗവനം വിരിച്ചവൻ വലിയ മത്സ്യവുമായി കടൽ താണ്ടിയെത്തിയത് കിഴവനല്ല പഴങ്കഥകളിലെ ഇടവഴികളിൽ ഇപ്പോൾ കോളാമ്പി പൂക്കളില്ല നടന്നു പോകുന്നവർ പഴയ കഥകൾ കേൾക്കുന്നവരുമല്ല

Sunday, May 6, 2018

കിളികൾ


എപ്പോഴും വാതിലടച്ച് നിശബ്ദരായി കഴിഞ്ഞിരുന്ന ഫ്ളാറ്റിലെ മരുമകൾ ആത്മഹത്യ ചെയ്തത്രേ പാതി തുറന്ന വാതിലിലൂടെ കൂട്ടിലിട്ട കിളികൾ ചിലയ്ക്കുന്നത് കാണാം

Saturday, January 13, 2018

എഴുതപ്പെട്ടത്

കറുത്ത ബോർഡിൽ ടീച്ചർ വരച്ച കടലും സൂര്യനും വഞ്ചിയും .
കറുത്ത കടലു താണ്ടി വഞ്ചിയിൽ അപ്പൻ കരയിലെത്തി.
ചോക്ക് വരയുടെ പരുത്ത ചിരിയിൽ നിന്നു. പിന്നെ മണ്ണ് പറ്റിയ കൈകൾ നീട്ടി
തുറന്ന കണ്ണിൽ വീശിയകാറ്റ് ഉപ്പുനീറ്റി മറത്തുണി കീറി പറന്നു
കത്തിച്ച തിരിവെട്ടം മാഞ്ഞു പുറത്ത് ഇരുട്ടിന്റെ കടൽ ആർത്തു
ഒരു വിവരോമില്ല ഇതുവരെ വാതിലിലാരോ പറഞ്ഞിറങ്ങി
"എന്റെ ദൈവമേ " അമ്മൂമ്മ ശ്വാസം മുട്ടി തേങ്ങി
ആകാശത്തെ കടലിൽ നിന്നും വേർതിരിച്ച് ഒരു മിന്നൽ വേരു പായിച്ചു .
ഭിത്തിയിലെ വിടവിലൂടെ അമ്മയുടെ കവിളിലെ കണ്ണീർ ചാലിലൂടെ ചാരിവച്ച സ്ലേറ്റിന്റെ പൊട്ടലിൽ വന്നു ചിതറി
തളർന്നു കിടപ്പിലായ അപ്പൂപ്പൻ ശ്വാസം തടഞ്ഞു ചുമച്ചു പിന്നെ പറഞ്ഞു എല്ലാം എഴുതപ്പെട്ടത്

Sunday, November 19, 2017

ഇല പൊഴിയുന്ന കാലം












ഓരോ ഇലയും പൊഴിയുന്നത്
മടങ്ങിയ വസന്തത്തെ കാത്ത്‌ കാത്ത് 
മഞ്ഞച്ച് മരവിച്ച് ..

കൊഴിഞ്ഞ കാലത്തെ ഓര്‍മകളെ നിറച്ച് ..
കൊമ്പുകളില്‍ ചേർന്നു  പാടിയ കിളിയുടെ
പാട്ടിനെ നെഞ്ചിലേറ്റി ..

അവസാനം വീശിയ കാറ്റിൽ  അങ്ങിനെ ഉലഞ്ഞു
ഞരമ്പുകൾ വേർപെട്ട്  ഒന്ന്  ചുറ്റി പറന്ന്
മണ്ണിൽ മുഖം ചേർത്ത്
വേരുകളോട് ചേര്‍ന്ന് ..

പാതി കഴിഞ്ഞതും ...പാതിതുടക്കവുമായി അങ്ങിനെ ...

Sunday, August 27, 2017

ഫോട്ടോഷോപ്പില്‍ പൂക്കളം വരയ്ക്കുമ്പോള്‍

ഫോട്ടോഷോപ്പില്‍ പൂക്കളം വരയ്ക്കുമ്പോള്‍ ....
എന്നോ ഓടി മറഞ്ഞൊരു കാലത്തിന്‍ ..എന്നോ മറഞ്ഞ നിറങ്ങള്‍ .. മങ്ങി തെളിഞ്ഞു ..
ഓര്‍മയുടെ വിരുന്നോരുങ്ങുന്നു ...
ചുവപ്പിനു കൃഷ്ണകിരീടം ..
താഴെ പച്ചയില്‍ ..അമ്മമ്മ മുറുക്കി തെറിച്ചു... പടര്‍ന്ന നിറം..ധന്വന്തരം കുഴമ്പിന്റെ മണം..
മഞ്ഞ ..കോളാമ്പി പൂവിന്റെ ..ഷാഹിനയുടെ വീടിന്റെ ..വിടര്‍ന്ന ചിരിയുടെ ..
വീടുമാറി പോകുമ്പോഴും ആ മഞ്ഞ നിറമായിരുന്നു ലോറിക്കും ..
ഒരു താമരയെയുള്ളൂ അത് നിന്‍റെ പൂക്കളത്തില്‍ വച്ചോളൂ ..
നീട്ടിയ താമര പൂവിനു ഉമയുടെ ചുണ്ടിന്റെ നിറം..
താമര തേടി ഓര്‍മയില്‍ മുങ്ങിയ ജോണിന്റെ കണ്ണുകള്‍ ..
നനുത്ത പച്ചയില്‍ കാലില്‍ തൊടുന്ന തുമ്പ പൂവിന്റെ നിറം..
പൂ തേടി ഒരുമിച്ചു പോയ വിധൂരതയുടെ നിറം..ചതഞ്ഞ പുല്ലിന്റെ ഗന്ധം ..
കുന്നിനുമപ്പുറം വിരിഞ്ഞ കാക്കപ്പൂവിന്റെ നിറം..ചുണ്ടിന്റെ വേദന കടിച്ചമാര്‍ത്തിയ നിറം..
നീ നീട്ടിയ തുടിക്കുന്ന ഹൃദയം ചെമ്പരത്തിയുടെ ചുവപ്പ്..
നടന്നു മറയുമ്പോള്‍ മറക്കാതിരിക്കാന്‍ തൊട്ടാവാടിയുടെ തലോടലിന്‍ നീട്ടല്‍ ..
നിന്‍റെ ഓര്‍മകള്‍ക്ക് മറക്കാത്ത പൂവിന്‍റെ നിറം..
പൂവെന്ന് കരുതി നീട്ടിയ കയ്യില്‍ നിന്ന് പറന്നകന്ന ..
ശലഭത്തിന്റെ നിറമായിരുന്നു .അകന്നുപോയ .സ്വപ്നങ്ങളുടെ നിറം
അല്ലെങ്കില്‍ പുതിയ നിറങ്ങള്‍ കൊണ്ടു ആരും കാണാത്ത രൂപത്തില്‍ ..ഫ്ലെക്സില്‍ പ്രിന്റ് ചെയ്തെടുക്കാം അടുത്ത കൊല്ലവും ഉപയോഗിക്കാം ..പെയ്ന്ടിന്ടെ മണമാവും അതിന് .. പിന്നെ..ഓര്‍മകളില്‍ നിന്നും മോചനവും ..
കൊഴിഞ്ഞ പൂക്കാലമാണല്ലോ ഓര്‍മകളില്‍ വിടരുന്നത് .....

Thursday, December 15, 2011

ഈ തീരത്ത് എന്‍റെ കാല്പാടുകള്‍ കാണാതാകുമ്പോള്‍
നീ എന്നെ ഓര്‍ക്കുകയില്ല . (ടാഗോര്‍)

Friday, March 4, 2011

കടല്‍ തീരത്ത്


ഉഷ്ണം നിറഞ്ഞ വേനല്‍ പകല്‍ .

ജന്നല്‍ പാളികള്‍ക്ക് ചാരെ മറഞ്ഞു നില്ക്കാന്‍ ആരും ബാക്കിയായില്ല.


മാവുകളില്‍ കാറ്റു വീശി..വിരഹം ആര്‍ദ്രമായ ഒരു ഏകാന്തത വല്ലാതെ..

പറയാന്‍ മറന്ന വാക്കുകള്‍ ..

ഓര്‍ക്കാന്‍ മറന്ന ദിനങ്ങള്‍ ..

വീണ്ടും വീണ്ടും തകര്‍ന്ന മുരളിയെയും

പാതി മുറിഞ്ഞ സംഗീതത്തെയും പറ്റി ഓര്‍ത്തു .

.

കൂട്ടുവിട്ട കൂട്ടുകാരിയെ മറക്കാന്‍ വരഞ്ഞ ചിത്രങ്ങള്‍ മുഴുമിച്ചില്ല ..

നീണ്ട വഴികള്‍ ശൂന്യം ..

നിറഞ്ഞു പൂത്ത മരങ്ങള്‍ക്ക് താഴെ നിഴല്‍ മറഞ്ഞു നിന്നു..

ഓര്‍മകളുടെ നീണ്ട വഴികള്‍ കടല്‍കരയിലേക്ക് നീണ്ടു...

ഒരിക്കലും മറവി മറക്കാത്ത നിന്റെ നിസ്വനങ്ങള്‍ ..


മധ്യഹ്നതിന്റെ ചൂടോട് ചേര്ന്നു പാതി കൂമ്പിയ താമര,

അവസാനം കണ്ട നിന്റെ വാടിയ മിഴിയെ എന്നിലെക്കെന്തിനു തിരിച്ചു തന്നു..


ദുഖിതര്‍ തുല്യര്‍ നാം കടലിന്റെ കരയില്‍ ഒത്തു വന്നു
ഓര്‍മകള്‍ മായ്ക്കുവാന്‍ മനസിന്റെ വാതായനങ്ങള്‍ തുറന്നു

കൈകോര്‍ത്തു കടലിന്റെ സാന്ത്വനം ഏറ്റു വാങ്ങി
എല്ലാം മറക്കാമെന്ന് പരസ്പരം പറഞ്ഞു നാം..
മറക്കാത്ത വേദനയെ മറക്കാന്‍ മറന്നു
കടലിന്റെ തലോടലേക്കുവാന്‍ നാമെത്തി ഈ മണല്‍ പരപ്പില്‍ ..


അലച്ചു ചിതറിയ തിരയില്‍ നിന്റെ ചിരിയും കരച്ചിലും മാഞ്ഞും വിരിഞ്ചും..
നാം സ്വയം മറന്നു കളിയാടിയ തീരം എന്തൊരു സൌഖ്യം നമുക്കു തന്നു

നിന്റെ നഷ്ട സ്വപ്‌നങ്ങള്‍ തിരയില്‍ മറഞ്ഞത് എനിക്കെന്തു സന്ത്വനമായിരുന്നു
കടല്‍തിരപലവട്ടം കരയോടു ഇണങ്ങി പിന്നെ പലവട്ടം തല്ലി പിണങ്ങി
ഒരു പാടു നേരം നാം ജീവന്റെ കളി യോട് കൈകോര്‍ത്തു മെല്ലെ നോക്കി നിന്നു..


കൂട്ടുകാരെല്ലാം ......പിരിയുന്ന സായാഹ്നം ..

ചുവന്നു മറയുന്ന സന്ധ്യയോടു വിട ചൊല്ലി..
കൂട്ടമായി തിരിച്ചു പോകും..

ഇരുളില്‍ മറയുന്ന മറവിതന്‍ രാത്രിയില്‍ ..

ഒരു നൂറു ഓര്‍മകള്‍ ചിരാതായിവിരിയും ..

നിന്റെ നിസ്വനം കടലിന്റെ കരളില്‍ തിരഞ്ഞു ഞാന്‍ ,,

കടലിന്റെ നേരെ നടന്നു ചെല്ലും..


എല്ലാ കാലടികളും തിരിച്ചു പോകുമ്പോള്‍...

എന്റെ കാലടികള്‍ കടലിന്റെ മടിയിലേക്കു പോകും..

ഇനി ഒരു കാറ്റു മായ്ക്കും വരെ ..

കടലിലേക്ക്‌ നീളുന്ന കാലടിപാടുകള്‍ ഇന്നിന്‍ നിലാവില്‍ തെളിഞ്ഞു കാണും ..
കടലില്‍ കളിക്കുവാന്‍ പോയോരില്‍ ഒരാള്‍ മാത്രം..

തിരിച്ചിനി മടങ്ങില്ല ...

കരയില്‍ കളിക്കുവാന്‍ പോയൊരാള്‍..

ഓര്‍മതന്‍ കടലില്‍ മാഞ്ഞു പോകും ..

Saturday, February 12, 2011

നീ

ഒരിക്കല്‍ നീ പിരിഞ്ഞു പോകും ...
എനിക്കെന്റെ വഴിയേറെ ചെല്ലേണ്ടതുണ്ട് എന്നെന്റെ മൊഴികള്‍ കേട്ട് ...
ഒരിക്കല്‍ നീ പിരിഞ്ഞു പോകും
എന്‍റെ വഴികള്‍ നീയായിരുന്നെന്നറിയാതെ ...

(ഖലില്‍ ജിബ്രാന്‍ )

Wednesday, February 2, 2011

കടലാസ് തോണികള്‍





കടലാസ്സ്
പഴയ നോട്ടു ബുക്കില്‍ നിന്നും
കീറിയെടുത്തു ..
അതിന്റെ ഒരു പുറത്തില്‍ അവള്‍ ഇന്നലെ എന്നെ നോക്കിയതേ ഇല്ല
എന്നെഴുതിയിരുന്നു ..

മഴ ..
എന്നത്തേയും പോലെ ..
മഴ പെയ്തു തുടങ്ങിയപ്പോള്‍ ..
ആദ്യം വീണ തുള്ളികള്‍ .
മുഖത്ത് കൂടി ഒഴുകി കണ്ണീരിനോടു ചേര്‍ന്ന്‍ ഉപ്പു രുചിച്ചു ..
ഒരു വേനല്‍ക്കാലം വിട പറഞ്ഞതിന്റെ ...
നടന്നകന്നവരുടെ നിഴലുകള്‍ ..

തോണി
കൈ വീശി അകന്നപ്പോള്‍
അകന്നു പോയത് ഒരു വന്കരയാനെന്നു തോന്നി
ഞാനൊരു ഒറ്റപെട്ട ദീപിലാണെന്നും...

കടലാസുതോണി
പതിയെ ഒന്നിളകി
മഴയിലൂടെ ഒഴുകി അകന്നു ..
മഷി പടര്‍ന്നു തുടങ്ങിയിരുന്നു ...
ആരോ മറന്ന ഒരു കുടന്ന പൂക്കള്‍ ..
കൂടെ ഒഴുകിപോയി ...


Friday, January 28, 2011

ഒറ്റയ്ക്ക്

നിന്‍റെ നിശബ്ദതയില്‍ ..
ഈണം ചേര്‍ത്ത് പാടാന്‍ എനിക്കിനി ബാക്കിയായില്ല ..
വരികളൊന്നും ..

അടഞ്ഞ വാതിലുകള്‍ക്കപ്പുരം ഒരു നിശ്വാസ്സം ..
ചെവിയോര്‍ത്തു തിരിഞ്ഞു നോക്കുമ്പോള്‍
തിരിച്ചു പോകാനുള്ള വഴികള്‍
ഇരുട്ടിലെവിടെയോ മറഞ്ഞു പോയി


.

Friday, January 21, 2011

മിടിപ്പുകള്‍

മിടിപ്പുകള്‍ അറിയുന്നത് ..

ശബ്ദത്തിനപ്പുറം ഹൃദയങ്ങള്‍
തമ്മില്‍ പരസ്പരം എന്തോ പറയുന്നുണ്ട് .

പറയാതെ ..
കണ്ണുകള്‍ എന്തോ പറഞ്ഞിട്ടുണ്ട് ..

ഒരു പാട്ടില്‍ പരസ്പരം
കൊളുത്തി വരിച്ച ഈരടികളുണ്ട്‌ ..

ശബ്ദം പലതും മറച്ചു വച്ചാണ്
നമുക്കിടയില്‍ വന്നു പോവുന്നത്

Thursday, January 13, 2011

പാദമുദ്രകള്‍

കടലോരത്ത് നിലാവില്‍ ഒറ്റയ്ക്ക് നടക്കുമ്പോള്‍ ..
പിന്തുടരുന്ന പാദമുദ്രകള്‍ ..
മായാതെ കിടക്കുന്ന കാലടികള്‍
നടന്ന വഴികളെ കുറിച്ച് ഒന്നും പറയാതിരിക്കുന്നു ..
അതില്‍ നിന്‍റെ കാല്പാടുകളും ..
ഉള്ളിലെവിടെയോ നീയും ചേര്‍ന്ന് നടക്കുന്നത് കൊണ്ടാവാം ..

Friday, January 7, 2011

കാണാകാഴ്ചകള്‍


നീണ്ടു വളര്‍ന്നു ഇരുളില്‍
മറയുന്ന സായാഹ്ന നിഴലുകള്‍
മങ്ങി മായുന്ന വെളിച്ച പൊട്ടുകള്‍
കടന്നു പോയ ഒരു കാറ്റില്‍ ..
ഒരു അശരീരി ..നീ വിളിക്കുന്നു ..
തൊട്ടടുത്ത് നിന്നും
ഒരു നോട്ടം ഒരു കാഴ്ച ..
..ഉള്ളില്‍ നിന്നും നിന്നെ തൊട്ടു വിളിച്ചതാര്


Thursday, December 30, 2010

വൃത്തം


നീയും ഞാനും ..
വീണ്ടും ഈ വൃത്തത്തിന്റെ പുതിയ തുടക്കത്തില്‍ ..
ഈ കടല്‍ തീരത്ത് തിരകള്‍ വീണ്ടും വീണ്ടും ..
വര്‍ണ വെളിച്ചം നിഴല്‍ വീണ തീരങ്ങള്‍ മഞ്ഞും തെളിഞ്ഞും ..
തിരകള്‍ മായ്ചെഴുതുന്ന പുതിയ ചിത്രങ്ങള്‍ ..
എന്നും പുതിയ വെളിച്ചം കുറിക്കുന്ന പകലുകള്‍ പോലെ ..
കടലികെക്കലസ്സം ഇറങ്ങി നടന്ന ഇണകളെ പോലെ ..
ആഴങ്ങലറിയാതെ ..ഇറങ്ങി നടന്നവര്‍ ..
ഈ രാത്രി നിനക്ക് ആശംസ ..
എന്നും നിറഞ്ഞ മനസ്സ് ,സ്നേഹം ..

Thursday, December 23, 2010

നക്ഷത്രങ്ങള്‍ക്ക്


ഈ രാത്രി നിന്നെ കാണുവാന്‍
നക്ഷത്രങ്ങള്‍ താഴെയിറങ്ങും ..
ഒരു നക്ഷത്രം അകലെ നിന്നു
നിന്നെ കാണുന്നുണ്ടാവും ..
നിന്നോട് മാത്രം സ്വകാര്യമായി പറയാന്‍
ഒരു സ്നേഹ സന്ദേശവുമായി ..

Friday, December 17, 2010

നൊസ്റ്റാള്‍ജിയ


പഴയ കലിഡോസ്കോപില്‍ ഒന്ന് ചരിയ്ക്കുമ്പോള്‍
നിറം മാറി രൂപം മാറുന്ന ഒരു വളപ്പൊട്ട്‌ ..
പാതി സത്യവും പാതി മിഥ്യയുമായി
പുതിയ രൂപങ്ങളില്‍ ..
വളപ്പൊട്ടുകള്‍ ..
ഇടയ്ക്കെപ്പോഴോ ഉച്ചവെയിലില്‍
ചാഞ്ഞുപെയ്യുന്ന കുമിളകള്‍ ..
താഴെ എവിടെയും വീഴാതെ വീണ്ടും വീണ്ടും പെയ്യുന്നവ ..
ദൂരെ ആരോ വിളിക്കുന്നു തിരിച്ചു പോകുവാന്‍ നേരമായി

Saturday, December 4, 2010

മഞ്ഞുകാലം

മഞ്ഞുകാലം പൊഴിച്ച ഇലകളെ കുറിച്ച്
കാറ്റ് പറഞ്ഞു ..
രാത്രി നിലാവിന്റെ വിരലുകള്‍
ചില്ലകളെ തൊട്ടു ഉണര്‍ത്തി ..
ഇതളിടാതെ വയ്യ ..
പുലരിയില്‍ പൊട്ടി വിരിഞ്ഞ
തളിരുകള്‍
ഉള്ളിലൊളിപ്പിച്ചത് ഒരു വസന്ത കാലം

Friday, November 26, 2010

നക്ഷത്രങ്ങള്‍ നിന്നോട് പറഞ്ഞത്

നിമിഷങ്ങള്‍ മഴപോലെ പെയ്യുന്ന
പകലുകള്‍ ..
നീ മഴവില്ല് പോലെ അകലെ ..
ഒരു വര്ഷം ഇനിയും കടന്നെത്തി
മഴവില്‍ പാലം കടന്നു ..
ഒരു കിനാവിന്റെ നിറം ചാര്‍ത്തിയ
കളിയോടം തുഴഞ്ഞു ..
നക്ഷത്രങ്ങള്‍ ..നിന്നോട് പറഞ്ഞത്
എന്താണ് ..ഉറക്കം നടിക്കാറുള്ള എന്നെ കുറിച്ച്..

Friday, November 19, 2010

ഉച്ചമയക്കം

ഉച്ചമയക്കം കഴിഞ്ഞുണരുമ്പോള്‍
പെയ്യുന്ന മഴ.....
കുളിരിന്റെ കരിമ്പച്ച കമ്പളം..
പടര്‍ന്ന പച്ചയില്‍ തട്ടി ഒരു വെളിച്ച തുള്ളി ..
പാതി മറന്നുപോയ ഒരു കിനാവ്‌
മഴ കടന്നുവരുന്നു ..

ഒറ്റയടി പാതയിലൂടെ
ഒറ്റയ്ക്ക് നടന്നു പോവുന്നോരാള്‍
പിന്‍വിളി കേട്ട് തിരിഞ്ഞു നോക്കുന്നത് പോലെ .