Wednesday, December 30, 2009

ആഘോഷരാവുകള്

ഓരോ നിറവും വാര്‍ന്നു ഒഴുകിയത്‌ കണ്ണീരിനൊപ്പമായിരുന്നു
എന്‍റെയും ,നിന്‍റെയും

മഴവില്ലിന്‍ നിറം വാര്‍ന്ന മാനം..
ഒഴിഞ്ഞ ചഷകങ്ങളും, തെളിഞ്ഞ ചില്ല് പാത്രങ്ങളും
വാര്‍ന്നു പോയ നിറങ്ങളെ കുറിച്ച് പറയുന്നു ..

അല്ലെങ്കില്‍ എത്ര നിശബ്ദമായി ഒരു
ഭാവവും ബാക്കിയാകാതെ
മൌനം നിറഞ്ഞ ഈ നിമിഷത്തിന്റെ വര്‍ണങളെ
ഹൃദയത്തോട് ചേര്‍ക്കുന്നു ..

നാളെ ഇനിയും വര്ണ വില്ലുകള്‍ തേടിയെത്തും ..
പതഞ്ഞൊഴുകി നിറയും ഇനിയും തൊട്ടറിയാത്ത
പുതിയ ആഘോഷരാവുകള്‍

Wednesday, December 23, 2009

നക്ഷത്രങ്ങള്‍

വര്ണവിളക്കുകള്‍ക്കും
നക്ഷത്രങ്ങള്‍ വെളിച്ചം വിതറുന്ന ഈ രാത്രിയും
നിന്‍റെ ഓര്‍മകളുടെ വെളിച്ചത്തില്‍ കൂടുതല്‍ തിളങ്ങുന്നു
നിന്‍റെ കിനാവുകളില്‍
തിളങ്ങുന്ന നക്ഷത്രങ്ങള്‍
എന്‍റെ കിനാവുകളാണ്
അത് മാത്രമാണ് ..
നീയറിയാതെ പോവുന്നത്

Friday, December 18, 2009

ഓര്‍മ്മകള്‍

നിന്നെ കാത്തു സ്വയം മറന്നു പോയ രാത്രികളൊന്നില്‍
ഞാന്‍ എന്നെ തേടിയിറങ്ങി
നിലാവില്‍ ആദ്യം കണ്ട പൂവിനു
നിന്‍റെ ഓര്‍മകളുടെ ഇതളുകളായിരുന്നു .

Friday, December 11, 2009

കുളിര്

കുളിരു ചൂടിയ രാത്രികള്‍
സ്വപ്നം ചൂടിയ നിദ്രകള്‍
പ്രഭാതത്തില്‍ പാതി വിരിഞ്ഞ പനിനീര്‍ പൂവിനു മഞ്ഞിന്റെ കണം ചൂടിയ തിളക്കം ..
അത് പിരിഞ്ഞു പോയ രാവിന്‍റെ കണ്ണീര്‍
സ്വപ്‌നങ്ങള്‍ നഷ്ടമായ നിറഞ്ഞ മിഴികള്‍
ഈ കുളിരില്‍ ഉറഞ്ഞു പോയത് ഏതു സ്വപ്നങ്ങള്‍ ..?

Friday, December 4, 2009

നൃത്തം

വിരലുകള്‍ താമരകളെ വിരിയിച്ചത് നിനക്ക് വേണ്ടിയായിരുന്നു ..
ഓരോ ചുവടും കൂടെ നീയും ..
നീ തന്നെ കാഴ്ച്ചകാരിയും..
പാദചലനങ്ങള്‍ നിന്‍റെ പാദസരങ്ങളുടെ കിലുക്കതിനൊപ്പം ..
ഈ നിലാവില്‍ മറന്നു പോയത്‌ ഞാന്‍ ആരാണെന്നാണ്‌

Thursday, November 26, 2009

ചിത്രം

നീ വരച്ച എന്റെ ചിത്രത്തില്‍ ഹൃദയമില്ലാത്തത്..

നീ അത് സ്വന്തമാക്കിയതിനാലോ ?

അതോ നിന്റെ പ്രതിബിംബം എന്റെ ഹൃദയത്തില്‍ നിന്നും

ചിത്രത്തില്‍ പതിയും എന്നതിനാലോ ..?

Thursday, November 19, 2009

ബാബേല്‍

നീ പറയാതെ പറഞ്ഞത്
നിന്‍റെ കിനാവുകളെ കുറിച്ചായിരുന്നു
ഞാന്‍ കേള്‍ക്കാതെ കേട്ടത്
കേള്‍ക്കാന്‍ കൊതിച്ചത്..എന്‍റെ
മാത്രം സങ്കല്‍പ്പങ്ങള്‍..
പാതി മയക്കത്തില്‍ പകുതി
സ്വപ്നമായും പകുതി വിഭ്രാന്തിയായും
ഒരു ലോകം ഉണര്‍ന്നിരിക്കുന്നു
നീയും ഞാനും ..
എന്‍റെ കാഴ്ച മായും വരെ ഒരു ലോകം .

Saturday, November 14, 2009

പനിനീര്‍പൂവുകള്‍

ചുവന്ന പനിനീര്‍ പൂവുകളെയാണ് എനികിഷ്ടം ..

പ്രഭാതത്തിന്റെ നീര്‍കണങ്ങള്‍ ചൂടിയ പനിനീര്‍പൂവുകള്‍ ..

നെഞ്ചോടു ചേര്‍ക്കുമ്പോള്‍ ആഴ്ന്നിറങ്ങി ..

ഹൃദയത്തില്‍ ചുവന്നദളങ്ങള്‍ വിരിയിക്കും ആ പൂവുകള്‍

Friday, November 6, 2009

തിര

ഈ തിര ..ഇനി എന്നെ അടര്‍ത്തി അകറ്റും ..
എന്നും തൊട്ടു നോവിച്ച എന്‍റെ ഇന്നലെകള്‍ ..
ഉന്മാദം ബാക്കിയാക്കിയ വൈകിയ രാത്രികള്‍ ..
നിറം ചാര്‍ത്തിയ സ്വപ്നങള്‍ ചൂടിയ പകല്‍ മയക്കങ്ങള്‍ ..

എല്ലാം ..അടര്ന്നകലും ..
നിന്നിലെക്കൊഴുകി അലിയുമ്പോള്‍ ..മറ്റെല്ലാം അടര്ന്നകലും ...

Saturday, October 31, 2009

പകല്‍സ്വപ്നം

ഒരു പകല്‍ സ്വപ്നത്തില്‍
എന്നെ തഴുകിയ നിന്റെ വിരലുകള്‍ തേടി
എത്ര രാപകലുകള്‍ ഞാന്‍ ഉറങാതിരുന്നു ..

Saturday, October 24, 2009

കവിത

എഴുതിയ വരികളില്‍ ഒളിഞ്ഞിരുന്നത് ..
മറന്നു പാടിയ പാട്ടില്‍ അറിയാതെ ഇടറിയത് ..
ചായകൂട്ടില്‍ അലിഞ്ഞു പടര്‍ന്നു തെളിഞ്ഞത്‌ ..
പറയാതെ ബാക്കിയായത്‌ ..
ആരുമറിഞ്ഞില്ല ...
ഗദ്ഗദത്തിന്റെ ,
കണ്ണീരിന്‍റെ,
ഭാഷ ഞാന്‍ മറന്നിരിക്കുന്നു

Friday, October 16, 2009

പകല്‍ നക്ഷത്രം

ഒരു പകല്‍ ...
മനസ്സില്‍ അപ്പോള്‍ ഒരു രാത്രി നിറഞ്ഞു നിന്നു ..
ഇരുട്ടിനു കണ്ണീരു നിറഞ്ഞു വിങ്ങുന്ന ഭാരമുണ്ടായിരുന്നു ..

ഒരു പൊട്ടു വെളിച്ചം അകലെ ആകാശത്ത് ..
ഒന്ന് നോക്കി ...വിരലുകൊണ്ട് തൊട്ടു ..
വിരലില്‍ ഒരു നക്ഷത്ര പൊട്ട്‌..

നെഞ്ചോട്‌ ചേര്‍ത്തപ്പോള്‍
വെളിച്ചം ...
പുതിയ വഴികള്‍ ..

വെളിച്ചത്തില്‍ അലിഞ്ഞു പോയത്‌ ...
ഇന്നലെകളായിരുന്നു ...

ഇന്നില്‍ ‍ അലിഞ്ഞു ചേര്‍ന്നത്
വെളിച്ചതിറെ നക്ഷത്ര പൊട്ടുകളായിരുന്നു ...

അത് നീയായിരുന്നു ...

Saturday, September 26, 2009

നീ

ശുഷ്കിച്ച കൈകളെ ങ്കിലും ..
ശൂന്യമായ കണ്ണുകളെങ്കിലും ..
ഇടറിയ ശബ്ധമെന്കിലും..
നീ എന്നെ നോക്കി ചിരിച്ചു ..
ഒരു കുയില് പാടുന്നു ..
മലര്‍വാകകള്‍ പൂവിടുന്നു ..
പൂര്‍ണ ചന്ദ്ര ബിംബം ഉയര്‍ന്നു വരുന്നു ..
എല്ലാം നിന്റെ ചിരി തന്നെ പ്രതിഫലിപ്പിക്കുന്നു

Friday, September 18, 2009

പ്രണയത്തിലേക്കുള്ള വഴി

രാത്രിയില്‍ കൊടുമുടികളുടെ മുകളില്‍ നിന്നും താഴെ ചിതറിയ വര്‍ണങളെ കാണുന്നു
അത് പൂത്ത ഗുല്‍മോഹറുകള്‍..?

പിന്നെയെപ്പോഴോ ഒറ്റപെട്ട ദീപുകളിലേക്ക് ഞാന്‍ ഉണരുന്നു ..
നീയെവിടെയാണ് ..

പകല്‍ എനിക്കറിയില്ല ചിലപ്പോ ഉയരങ്ങളിലെക്കും ..
ചിലപ്പോ താഴ്വാരങ്ങളിലേക്കും ചുറ്റി നീളുന്ന വഴിയില്‍ ..

സൂര്യന് കുളിരും ….കാറ്റിനു ചൂടും …
ഇതാണോ പ്രണയത്തിലേക്കുള്ള വഴി ?

Friday, September 11, 2009

നിന്നെ കുറിച്ചല്ലെങ്കില്‍

നീ പ്രണയം നിറഞ്ഞ മനസ്സില്‍ വിരിയുന്ന
കവിതകളെ കുറിച്ച് പറയുന്നു ..
നിന്നെ കുറിച്ചല്ലെങ്കില്‍ എങ്ങിനെ ആ കവിയ്ക്ക്
നൂറു പ്രണയ കവിതകള്‍ കുറിക്കുവാനായി ..?

Friday, September 4, 2009

ഉത്സവരാവുകള്‍ക്കപ്പുറം

ഈ ഉത്സവരാവുകള്‍ക്കപ്പുറം പിന്നെയും
തിരിച്ചു നടക്കും ..
നിനക്കായി കരുതിയ പഴയ പാട്ടുകള്‍ മനസ്സിലോര്‍ക്കും ..
അറിയാതെ ഉണരും ഈ രാവില്‍ വിദൂരതയിലെവിടെയോ ഒരാര്‍പ്പുവിളി..
ഓര്‍മകളുടെ ദൂരങ്ങള്‍ താണ്ടാന്‍ ..
കൃഷ്ണകിരീടം തേടിയലഞ്ഞ ഒരു പച്ച കാട് ..
വിരല്‍ തുമ്പില്‍ ബാക്കിയായ കോളാമ്പി പൂവിന്റെ ഗന്ധം ..
പറന്നു പോയ പൂവിന്റെ നിറമുള്ള ശലഭം ...
ഓരോ തവണയും ഞാന്‍ നിന്നിലേക്ക്‌ നടക്കുന്നു ..

മടങ്ങുന്നത് നീയോ ഞാനോ ..?

Tuesday, September 1, 2009

ആരോ വരുന്നു

ഈ രാവില്‍ മറവിയുടെ മൂടല്‍ മഞ്ഞിനെ മറച്ചു ..
ആരോ നടന്നു വരുന്നു ...
ഇന്നലെകളുടെ കരിയിലകള്‍ പതിഞ്ഞു കിടന്ന ഈ ഒറ്റവഴിയിലൂടെ..
ഒരാള്‍ നടന്നു വരുന്നു ..
ഒരു നീണ്ട നിഴല്‍ ...അത് നിന്റെയാണോ ..?
നിഴലുകല്‍ക്കപുറം ഒടുവില്‍ തേടിയ പൂവ് നിന്റെ ചുണ്ട്കളായിരുന്നു ..
പിന്നെ നിഴലായി നീ ...
ഒരു പൂവിനു കലഹിച്ചു കടന്നു പോയ നിന്റെ ... ?
ഒരു പൂവ് തേടി മറഞ്ഞു പോയവനെ അത് നിന്റെ നിഴലാണോ ..?
ഓണസന്ധ്യയില്‍ കാത്തിരുന്നു എപ്പോഴും വൈകി എത്തിയ മധുരത്തിന്റെ ഗന്ധമുള്ള ..നിഴലാണോ .. ?
വിജനമാണ് വഴിത്താരകള്‍ എനിക്കറിയാം
ഈ രാത്രി ഓര്‍മ്മകള്‍ എനിക്കായി പൂക്കളം തീര്‍ക്കും ..
കണ്ണീരിന്റെ നനവാര്‍ന്ന ഇന്നലെകള്‍ കൊണ്ട് ..

Saturday, August 29, 2009

സൌഗന്ധികങ്ങള്‍

ഈ പൂക്കളം തീര്‍ക്കുവാന്‍ തേടിയ മേടുകള്‍ ..
ഒരു ചിരി നിന്നില്‍ വിടരാതെ പോയെങ്കില്‍ ഒരു വ്യര്‍ത്ഥയാത്ര ..

ഈ വസന്ത നിലാവില്‍ ഒരു നിന്റെ മിഴികള്‍ വാടുമെന്കില്‍ ...
ഈ ഓണനിലാവിലും പൊഴിയുന്നത് കണ്ണുനീര്‍..

ഈ രാത്രി മുഴുവന്‍ ഞാന്‍ നിന്നെ കുറിച്ചോര്‍ത്തു പാടുമെന്കിലും ..
നീ അറിയാതെയെന്കില്‍ ജല്പനംങള്‍ ...

നീ വരുമെന്കില്‍ നിറയും തേന്‍ കണങ്ങള്‍ ഈ പൂവുകളില്‍ ..
നിന്റെ ചിരിയില്‍ വിടരും നിലാവില്‍ മറ്റാരും കാണാത്ത സൌഗന്തികംങള്‍ ..

Saturday, August 22, 2009

മംഗളം

ഈ പ്രഭാതത്തിനു നിന്റെ ചിരിയുടെ തിളക്കമുണ്ട് ..
കൊഴിഞ്ഞു പോയ ദിനങ്ങള്‍ക്ക്‌ നിന്റെ തലോടലും ..

എനിക്കറിയാം വസന്തം വിടര്‍ന്നത് എന്നാണെന്ന് ..

വേദനകള്‍ക്ക് മേല്‍ ഒരു പകല്‍ നീ എത്തിനോക്കിയത്‌ അന്ന് തന്നെയെന്നും ..

ഇന്നും അന്നും ഒരു ദിനം എന്‍റെയും നിന്‍റെയും.. വഴികളില്‍ കുറിച്ചത്‌ ..
നീ നടന്ന വഴികളില്‍ അറിയാതെ നിന്‍റെ കാലടികളെ ചേര്‍ന്ന് നടക്കുന്നു ..

നിന്‍റെ മുടിയിഴകളെ തലോടിയ കാറ്റാണ് ഈ രാത്രിയെ കടന്നു വന്നത് ..

ഈ കാറ്റില്‍ സ്വപ്നങ്ങളില്‍ വിടര്‍ന്ന പൂവുകളുടെ സുഗന്ധം കലര്‍ന്നിരിക്കുന്നു
എന്നും ഉള്ളുനര്‍ത്തുന്ന ഒരു നനുത്ത തലോടലാവട്ടെ ..നീ ...

നിന്‍റെ ദിനങള്‍ക്ക് ...ഇരുട്ടില്‍ നക്ഷത്രങ്ങള്‍ വഴികാട്ടിയ യാത്രികന്റെ മംഗളം

Friday, August 14, 2009

ശില ശില്പമാകുമ്പോള്‍

ഒരു തലോടലിനു നിന്നെ നിന്നില്‍ നിന്നും
അടര്‍്ത്തിയെടുക്കാനാവുന്ന ഉളി സ്പ്ര്‍ശമാവുമ്പോള്‍

ഇന്നുകളോട് ഒട്ടിച്ചേര്‍ന്നു തണുത്തുറഞ്ഞ
കവില്തടങ്ങളിലും കരതലങ്ങളിലും
ജീവന്റെ ചുടു നിശ്വാസം പകരുമ്പോള്‍

സ്വന്തം രൂപം മറന്നു പോയ ഇന്നലെകളെ
തിരിച്ചു വിളിക്കാന്‍ പറയുമ്പോള്‍

ഏതോ പ്രണയഗാനത്തിന്റെ നാദവീചികള്‍് നിന്നില്‍ മറഞ്ഞ
ഭാവിസ്വപ്നങളെ വിളിച്ചുണര്ത്തുംബോള്‍്

നിലാവിന്റെ കുളിര് ആര്‍ദ്രമായൊരു നനുത്ത തലോടലായി
നിന്നെ തൊട്ടറിയുമ്പോള്‍

അറിയാതെ ഹൃദയം ഒരു മിടിപ്പിനു കാത്തു നില്‍ക്കുമ്പോള്‍
കൊഴിഞ ദലങ്ങല്ക്കപ്പുരം വിടരുന്ന
പുതു നാംബുല്‍ക്കായി കണ്തുറക്കുമ്പോള്

പാതയോരത്തെന്നും വിടര്‍നോര ചെമ്പക പൂവിന്റെ ഗന്ധം
ആദ്യമായി മനം നിറച്ചു ലയിക്കവേ

തൊട്ടുണര്‍ത്തുന്ന ഇളം കാറ്റിനോട് ഇമകള്‍ തുറന്നു നീ ചിരിക്കുമ്പോള്‍..
പരുക്കന്‍ ഭാവങ്ങള്‍ക്ക് ഒരു പുതു ഭാവം ..
ഇരുണ്ട കാഴ്ചകള്‍ കണ്ടു മറന്ന കണ്ണുകള്‍ക്ക്‌ നീ
വെളിച്ചമാകുമ്പോള്‍ രൂപം മാറുന്നത് എന്റെതാവും ..

Friday, August 7, 2009

നിശബ്ദതയ്ക്ക്

ഈ നിശബ്ദതയ്ക്ക് …എനിക്കറിയില്ല
നിലാവില്‍ എക്താരയുടെ ഹൃദയ നാദം …

ഈ ആള്‍ത്തിരക്കില്‍ …എവിടെയോ
പൊലിഞ്ഞു പോകുന്ന ജല്പനങ്ങള്‍ ..

പെയ്തൊഴിയുന്ന ഈ വെളുത്ത മഴയില്‍ ..
അലിഞ്ഞു ഓ ഴുകിയെതുന്ന വേണുഗാനം ..

കടല്കാറ്റില്‍ എവിടെയോ ഒരു നേര്‍ത്ത താളം
ഒരു വിങ്ങലിന്റെ വിദൂര സംഗീതമാവുന്നുവോ ..

ഈ നിശബ്ദടതയ്ക്കുള്ളില്‍ തളിര്‍ത്തു നില്‍ക്കും
മരങ്ങളെ കടന്നു വരുന്ന ഈറന്‍ കാറ്റ്
ഉള്ളിലൊളിപ്പിച്ച ഉന്മാദ ഗന്ധം പോലെ ..
മൌനത്തിന്റെ ശ്രുതിയില്‍ ഒരു ഗാനം …
വരികള്‍ക്ക് എല്ലാ നിശബ്ദതയുടെയും ..
നിറം വാരിചൂടിയ അര്‍ഥം … .

പ്രണയത്തിന്റെ …

Friday, July 31, 2009

നാം കാലങ്ങള്‍ക്കപ്പുറം...ഓര്‍മകളില്‍ എന്താവും ..?

നാം കാലങ്ങള്‍ക്കപ്പുറം...ഓര്‍മകളില്‍ എന്താവും ..?

ഓര്‍മയില്‍ ഒരു പുല്‍തുമ്പിലെ മഞ്ഞുതുള്ളി
കണ്ണില്‍ കുളിര്‍തുള്ളിയായി ..
അറിയില്ല ആ തുള്ളിയെവിടെയെന്നു
ആ പുല്‍നാമ്പും ...ആ പുലര്‍കാലവും ..
നിന്‍റെ നിശ്വാസങ്ങള്‍ക്ക് ..
പുല്‍നാമ്പിനും മിഴികള്‍ക്കുമിടയിലെ
അകലം ..ഒരു തുള്ളി കുളിര്‍ കാലം ...

Friday, July 24, 2009

കാലിടോസ്കോപ്

കൂര്‍ത്ത വള പൊട്ടാണ് ..
നിന്റെ ഓരോ ഭാവവും ..
ഓരോ വാക്കും ..ഓരോ നിറം ..
നിന്റെ മൊഴികളില്‍ നിന്നൂര്‍നവ ..

ഓരോന്നായി ഞാന്‍ ഹൃദയത്തില്‍ ചേര്‍ക്കും ..
അപ്പൊ നൂറു വര്‍ണങ്ങള്‍ വാരിച്ചുറ്റി
എന്റെ സ്വപ്നങ്ങള്‍ വിടരും ..
ഒന്ന് ഉലയുമ്പോള്‍ പുതിയ നിറം... പുതിയ ഭാവം ...

ചിലത് എന്റെ ഹൃദയത്തില്‍ കോറി വരഞ്ഞു .. കീറും ..
അവയ്ക്ക് കൂടുതല്‍ ചുവന്ന നിറം ..
പ്രണയത്തിന്റെ പനിനീര്‍ പൂവുകള്‍ക്കും ചുവന്ന നിറമാണ് ..

Friday, July 17, 2009

നീ ചിരിക്കുമ്പോള്‍

നീ ചിരിക്കുമ്പോള്‍ ...
ഇന്നാണ് ഇന്നലെയെക്കാള്‍ നന്നായത് എന്നറിയും

ഇന്നിനു വേണ്ടിയാണ് കാത്തിരുന്നത് എന്നും

നീ വിളിക്കുമ്പോള്‍

ഈ പായലിന്റെ പച്ച പിടിച്ച നടവഴിയിലൂടെ ..

പതിവില്ലാതെയാരോ നടന്നു വരുന്നതായി തോന്നും ..

നിന്‍റെ മിഴി നനയുമ്പോള്‍ ..

വിരിഞ്ഞ പാരിജാതങ്ങളെ കൊഴിച്ചു ..

നിറങ്ങളെ എല്ലാം മറച്ച് ഒരു മഴ ...

എനിക്ക് ആ നനവാര്‍ന്ന കുളിര് ഇഷ്ടമല്ല

Friday, July 10, 2009

തോരാനിട്ടവ


തോരാനിട്ടവ

വേനല്‍ പകലില്‍ തോര്‍ന്നു മണ്ണില്‍ വിരിച്ചത് കണ്ണീരിന്റെ നനവായിരുന്നു ..
ഒറ്റപെട്ട ഉഷ്ണപകല്‍ അവയെ തൊട്ടെടുത്തു ..
വറ്റിവരണ്ട കണ്ണുകള്‍ക്ക്‌ ...കുംഭ ചൂട് ..
പകര്‍ന്നു പോയത്‌ ഓര്‍മകളുടെ തണുപ്പായിരുന്നു ..

ഈ കര്‍ക്കിടകത്തിന്റെ ഈറന്‍ പകലില്‍ തോരാനിട്ടവ മഴ വാരി നനഞ്ഞു..
ഒരു നനവില്‍നിന്നും മുഴുനനവിലേക്ക് ...
കേട്ടതും പറഞ്ഞതും ...തണുതുപോയവ ..
തോരാതെ പോയത്‌ വേദനകളായിരുന്നു ..

ഇത് വരെ നനഞ്ഞൊട്ടിയ ഓര്‍മകളുടെ മുറിവുകള്‍ ..
തോര്‍ന്നുപോയത് ...അനുഭവങ്ങളുടെ തുള്ളികള്‍ ..
തോരാതെ പോയത്‌ ..മുറിവുകളുടെ പാടുകള്‍ ..
ഓര്‍മകളുടെ ഈറന്‍ ബാക്കിയായ മുറിപാടുകള്‍ ...

Monday, July 6, 2009

പെയ്തൊഴിയട്ടെ

ഈറന്‍രാത്രി ബാക്കിയാക്കിയ ഒരു തരി വെട്ടം
നീലച്ച ജലാശയങ്ങള്‍ നിശ്ചലം .. ഇരുഭാഗവും ..
വലയെറിയുന്നോര്‍ .. .ധൃതിയില്‍ മടങ്ങുന്നു ..
തണുപ്പ് വിരിക്കുന്നു തടാകതടങ്ങളില്‍ ..
ഒഴിഞ്ഞു പോയിരിക്കുന്നു മീനുകള്‍ ..
വലിയ പേമാരി വരുന്നു വീടെത്തണം ..

വഴിയരികിലെ മണ്ഡപത്തില്‍ ലഹരി പകര്‍ന്നു
പരസ്പരം പലതും പറഞ്ഞു ..
കൂട്ടം വിട്ടു ..പെതോഴിഞ്ഞ മഴകുളിരില്‍ ...
ഒറ്റയ്ക്ക് നടന്നു ..കടലോരതെയ്ക്ക് ..
എനിക്ക് മഴ തുള്ളികളെ ചേര്‍ത്ത് പിടിക്കാന്‍ തോന്നി ..
അത് നിന്റെ നിറഞ്ഞ കണ്ണുകള്‍ ....

കല്‍മതിലിനപ്പുരം ഉറഞ്ഞാര്‍ക്കുന്ന കടല്‍ ..
ഇരുട്ടിലും വരഞ്ഞു വെളുത്ത വരകള്‍ ..
ഓരോ തിരകളെയും കയ്യിലെടുക്കുവാന്‍ തോന്നി
അത് നിന്റെ നിശ്വസങ്ങളായി .....

ഈ രാത്രിമഴയുടെ മുടികളില്‍ തലോടി ഒരു
സാന്ത്വനം നിനക്കായി ചേര്‍ത്ത് വയ്ക്കുന്നു ..
ഇനി പെയ്യുന്ന മഴയില്‍ നിന്നെ നനയ്ക്കട്ടെ ഒരു സാന്ത്വന മഴ ...

ആടി തിമിര്‍ത്ത തെങ്ങുകള്‍ക്കിടയിലൂടെ
തിരിച്ചു നടക്കുമ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു
കന്ത്ടങ്ങളെ തൊട്ടു നനച്ചു ....മറ്റൊന്നും എനിക്കില്ല
നിനക്കായി ബാക്കിയായ്‌ ...
...

Friday, July 3, 2009

പാടുമ്പോള്‍

കടല്‍തിരകളില്‍ നിലാവ് തിളങ്ങുന്നതിനെ കുറിച്ച് ...
നദിയില്‍ പെയ്തു വീഴുന്ന നനുത്ത നിലാവെളിച്ത്തെ കുറിച്ച് ..
രാത്രി മുല്ലകള്‍ ചന്ദ്രശോഭയില്‍ വിടരുന്നതിനെ കുറിച്ച് ...
പാടികൊണ്ടിരുന്നു ..
അന്ന് അമാവാസ്സിയായിരുന്നു

Thursday, June 25, 2009

തിരകള്‍ക്കു താഴെ ...

ഈ തിരകള്‍ക്കു താഴെ ..ഓര്‍മകളുടെ മാര്‍്ത്തടത്തോട് ചേര്‍ന്ന് ..

ഉറഞ്ഞുപോയ ഒരു കണ്ണീര്‍ തുള്ളി ..

ഒരു ഉഷ്ണ പ്രവാഹം അതിനെ അലിച്ചു ചേര്‍ക്കട്ടെ ..

മറവിയുടെ കണാകയങ്ങളിലേക്ക്..


പൊട്ടി മുളക്കട്ടെ ഒരു പുതിയ ചേതന ..

ഇന്നലെ വേദനയുടെ പുറംപാളികള് പൊട്ടിച്ചെറിഞ്ഞു ..


ഉരുകി ഉണര്‍ത്തിയ ലോഹചിറകുകള്‍ ‍ ..

ഇനിയും ബാക്കിയാകുന്ന വഴികളില്‍ ...

തനിച്ചു നേടിയ രക്ഷ ....ഉരുകുന്ന വഴിതാരകള്‍ക്ക് മേല്‍ ..


എന്നോട് പൊറുക്കുക നീ ...പാതി പൊറുത്ത വേദന തൊട്ടുണര്‍്ത്തിയതിനു

Friday, June 19, 2009

പെയ്യാതെ പോയത്‌

എവിടെയാണ് നീ പെയ്തോഴിഞ്ഞത് ..
ഈ കാത്തു നിന്ന വേനല്‍ കരിച്ച ..
പച്ച മറന്ന വിജനവനവഴികള്‍ ..
നിനക്കായ് കരുതിയ കാട്ടു പൂവുകള്‍ കൊഴിഞ്ഞു ..

സുഗന്ധം വിട്ടൊഴിഞ്ഞ വള്ളികുടിലുകള്‍ കയ്യൊഴിഞ്ഞു
നിറം വാരി ചൂടിയ കാട്ടു പക്ഷികള്‍ ..

നിന്നെ കാത്തു ..നിന്നീലേക്കൊഴിച്ചു അലിയുവാന്‍
ഹൃദയത്തില്‍ കാത്തു വച്ച കണ്ണുനീര്‍ തുള്ളികള്‍ ..
ഈ വേനലില്‍ തളര്‍ന്നു ബാഷ്പമായ്‌ നീല താമര ...

ഇടി നാദം ഹൃദയത്തില്‍ ഏറ്റു വാങ്ങി ..
ഓരോ മിടിപ്പിലും തേടിയെത്തുന്ന നിന്‍റെ കാലടികള്‍
സ്വപ്നം കണ്ടു പുല്‍പൂവുകള്‍ ..
ഇപ്പോള്‍ മാനം കറുക്കുന്നു അറിയില്ല പെയ്തൊഴിയുമോ ..?

Friday, June 12, 2009

മറച്ചു വെച്ചത്

വെളിച്ചം മറച്ചു വെച്ചതാണ്
രാത്രി മടക്കി തരുന്നത് ..
ഈ നക്ഷത്രങ്ങളെ ,,ചന്ദ്രനെ ..
പിന്നെ തുറന്ന കണ്ണ് സ്വപ്നങ്ങളിലാക്കി മറച്ചു വച്ച
നിന്നെ ..

Friday, June 5, 2009

ഏതോ നിഴലില്ലാത്ത രാത്രിയിലെ സ്വപ്നങ്ങള്‍

പകല്‍ വിരിയുമ്പോള്‍ നിഴലുകള്‍ വളരും
വളര്‍ന്ന നിഴലുകള്‍ക്ക് നമ്മെക്കാള്‍ വലുപ്പം ..
ഈ വെയിലുവീണ തണലില്ലാ വഴിയില്‍ ..
ഉച്ചവെയിലില്‍ നിഴലുകള്‍ കുറുകും ..

നാം ചേര്‍ന്ന് നടക്കുമ്പോള്‍ ..
നമുക്ക് നാം തന്നെ തണല്‍
നിഴലുകള്‍ക്ക് വളരാം തമ്മില്‍ ചേരാം .
പരസ്പരം പലതും പറയാം
നിഴലുകള്‍ നിശബ്ദമായി പറയുന്നവ
ഏതോ നിഴലില്ലാത്ത രാത്രിയിലെ സ്വപ്നങ്ങള്‍ .

Tuesday, June 2, 2009

കാലടികള്‍

ഉഷ്ണം നിറഞ്ഞ വേനല്‍ പകല്‍ .
ജന്നല്‍ പാളികള്‍ക്ക് ചാരെ മറഞ്ഞു നില്ക്കാന്‍ ആരും ബാക്കിയായില്ല.
മാവുകളില്‍ കാറ്റു വീശി..വിരഹം ആര്‍ദ്രമായ ഒരു ഏകാന്തത വല്ലാതെ..
പറയാന്‍ മറന്ന വാക്കുകള്‍ ..ഓര്‍ക്കാന്‍ മറന്ന ദിനങ്ങള്‍ ..
വീണ്ടും വീണ്ടും..തകര്‍ന്ന മുരളിയെയും പാതി മുറിഞ്ഞ സംഗീതത്തെയും പറ്റി ഓര്‍ത്തു . .
കൂട്ടുവിട്ട കൂട്ടുകാരിയെ മറക്കാന്‍ വരഞ്ഞ ചിത്രങ്ങള്‍ മുഴുമിച്ചില്ല ..
നീണ്ട വഴികള്‍ ശൂന്യം ..നിറഞ്ഞു പൂത്ത മരങ്ങള്‍ക്ക് താഴെ നിഴല്‍ മറഞ്ഞു നിന്നു..
ഓര്‍മകളുടെ നീണ്ട വഴികള്‍ കടല്‍കരയിലേക്ക് നീണ്ടു...
ഒരിക്കലും മറവി മറക്കാത്ത നിന്റെ നിസ്വനങ്ങള്‍ ..
മധ്യഹ്നതിന്റെ ചൂടോട് ചേര്ന്നു പാതി കൂമ്പിയ താമര,
അവസാനം കണ്ട നിന്റെ വാടിയ മിഴിയെ എന്നിലെക്കെന്തിനു തിരിച്ചു തന്നു..
ദുഖിതര്‍ തുല്യര്‍ നാം കടലിന്റെ കരയില്‍ ഒത്തു വന്നുഓര്‍മകള്‍ മായ്ക്കുവാന്‍ മനസിന്റെ വാതായനങ്ങള്‍ തുറന്നുകൈകോര്‍ത്തു കടലിന്റെ സാന്ത്വനം ഏറ്റു വാങ്ങിഎല്ലാം മറക്കാമെന്ന് പരസ്പരം പറഞ്ഞു നാം..മറക്കാത്ത വേദനയെ മറക്കാന്‍ മറന്നുകടലിന്റെ
തലോടലേക്കുവാന്‍ നാമെത്തി ഈ മണല്‍ പരപ്പില്‍ ..
അലച്ചു ചിതറിയ തിരയില്‍ നിന്റെ ചിരിയും കരച്ചിലും മാഞ്ഞും വിരിഞ്ചും..
നാം സ്വയം മറന്നു കളിയാടിയ തീരം എന്തൊരു സൌഖ്യം നമുക്കു തന്നു
നിന്റെ നഷ്ട സ്വപ്‌നങ്ങള്‍ തിരയില്‍ മറഞ്ഞത് എനിക്കെന്തു സന്ത്വനമായിരുന്നു
കടല്‍തിരപലവട്ടം കരയോടു ഇണങ്ങി പിന്നെ പലവട്ടം തല്ലി പിണങ്ങി
ഒരു പാടു നേരം നാം ജീവന്റെ കളി യോട് കൈകോര്‍ത്തു മെല്ലെ നോക്കി നിന്നു..
കൂട്ടുകാരെല്ലാം ......പിരിയുന്ന സായാഹ്നം ..
ചുവന്നു മറയുന്ന സന്ധ്യയോടു വിട ചൊല്ലി..കൂട്ടമായി തിരിച്ചു പോകും..

ഇരുളില്‍ മറയുന്ന മറവിതന്‍ രാത്രിയില്‍ ..
ഒരു നൂറു ഓര്‍മകള്‍ ചിരാതായി വിരിയും ..
നിന്റെ നിസ്വനം കടലിന്റെ കരളില്‍ തിരഞ്ഞു ഞാന്‍ ,,
കടലിന്റെ നേരെ നടന്നു ചെല്ലും..
എല്ലാ കാലടികളും തിരിച്ചു പോകുമ്പോള്‍...
എന്റെ കാലടികള്‍ കടലിന്റെ മടിയിലേക്കു പോകും..
ഇനി ഒരു കാറ്റു മായ്ക്കും വരെ ..
കടലിലേക്ക്‌ നീളുന്ന കാലടിപാടുകള്‍ ഇന്നിന്‍ നിലവില്‍ തെളിഞ്ഞു കാണും ..
കടലില്‍ കളിക്കുവാന്‍ പോയോരില്‍ ഒരാള്‍ മാത്രം..തിരിച്ചിനി മടങ്ങില്ല ...
കരയില്‍ കളിക്കുവാന്‍ പോയൊരാള്‍..
ഓര്‍മതന്‍ കടലില്‍ മാഞ്ഞു പോകും ..

Friday, May 29, 2009

ഒരു പൂവ്

ആ രാത്രി അകന്നു പോയ കാലടികളെ കുറിച്ച് ഒരു അടയാളവും ബാക്കിയാക്കാതെ ..

ഒരു ഭ്രാന്തന്‍ കാറ്റ് കതകില്‍ മുട്ടികൊണ്ടിരിക്കും ..

ഇത് വരെ നിന്‍റെ വാതിലില്‍ തട്ടിയ കയ്യുകള്‍ അപ്പോള്‍ ഇരുട്ടിലെവിടെയോ

പാതി മാഞ്ഞുപോയ ഒരു സ്വപ്നത്തിലെ കാഴ്ചകളില്‍ തൊട്ടറിയുകയാവും

അവസ്സാനയാമങ്ങള്‍ക്കുമപ്പുറം ഒരു നിശബ്ദധ നിന്നെ ചൂഴും ..

അപ്പോള്‍ നീ തുറന്ന ജാലകത്തിലൂടെ ,അകലെ നിലാവിന്റെ നാട്ടില്‍ നിന്നും പാലപ്പൂവിന്റെ ഗന്ധം ..മറവിയില്‍ നിന്നും നിന്നെ വിളിക്കും ..

ഉറഞ്ഞു പോയ ഓര്‍മകളുടെ കാലടിപാടുകള്‍ക്കുമപ്പുറം ..

നിറഞ്ഞ മിഴികള്‍ ഇതളുകളായൊരു പൂവ് വിടര്‍ന്നു നില്‍പ്പുണ്ടായിരിക്കും

Friday, May 22, 2009

കൊതിക്കെറുവ്

മയക്കം മറന്നു ഉണരുമ്പോള്‍
ഈ ഉത്സവങ്ങള്‍ ഒടുങ്ങിയ ആളൊഴിഞ്ഞ തീര ഭൂവില്‍
നാം എവിടെയോ മറന്ന വഴി തേടുന്നവര്‍ ...
നീ കണ്ട സ്വപ്നങളില്‍ നിറഞ്ഞ വര്‍ണ കാഴ്ചകള്‍ ..
പറയുമ്പോള്‍ നിന്റെ കണ്ണുകള്‍ തിളങ്ങുന്നു ....വാക്കു വിറയ്ക്കുന്നു ..
.
എന്റെ കണ്ണ് നിറയുന്നു ..ഹൃദയം പിടയ്ക്കുന്നു
എന്ത് കൊണ്ടോ ..ആ സ്വപ്നങളില്‍ ഞാനുണ്ടായില്ല ...

Tuesday, May 19, 2009

താളുകള്‍

ഇനിയും തുറക്കാതെ കാത്തു വച്ചത്

താളുകളിലെ നിന്റെ വിരല്‍ പാടുകള്‍ മായാതിരിക്കാന്‍..


ഇനിയും തൊടാതെ സൂക്ഷിച്ചു വച്ചത്

നീ ചേര്‍ത്ത് പിടിച്ച മിടിപ്പുകള്‍ ബാക്കിയാവാന്‍ ..

ഹൃദയമറിയുന്നു നിന്റെ കാഴ്ച പതിഞ്ഞ വരികളില്‍

പുതിയ അര്‍ഥങ്ങള്‍ സ്പന്ദിക്കുന്നത് ..


ഇപ്പോള്‍ ഞാന്‍ ഒരു പുതിയ പുസ്തകമാണ് വായിക്കുന്നത്

നിന്റെ കാഴ്ച്കളില് കൂടി

നിന്റെ വിരല്‍ പാടുകളില്‍ കൂടി ...

മിടിക്കുന്ന വരികളില്‍ കൂടി .

Sunday, May 10, 2009

അപ്പോള്‍ ഞാന്‍ നിന്നെക്കുറിച്ച് സ്വപ്നം കാണുകയായിരുന്നു

അപ്പോള്‍ ഞാന്‍ നിന്നെക്കുറിച്ച് സ്വപ്നം കാണുകയായിരുന്നു ...

ജാലകത്തിനപ്പുറം വസന്തം പൂത്തുലഞ്ഞ പൂപ്പാടങ്ങളില്‍ ..
നീയും ഞാനും, നമ്മള്‍ നിറമുള്ള ചിറകുകളില്‍ ..
നമുക്ക് തിരിച്ചറിയാവുന്ന പൂവുകളില്‍ ..
തേന്‍ നുകര്‍ന്നും രുചിഭേദം പരസ്പരം പകര്‍ന്നും ..
ചേര്‍ന്ന് പറന്നും ഒന്നുയര്‍ന്നും ഒന്നുതാഴ്ന്നും ..
പ്രണയം വര്‍ണം ചാര്‍ത്തിയ കണ്‍കളില്‍ പകല്‍ സ്വപ്നം ..
ഒരു ജാലകത്തിനപ്പുറം സ്വപ്നത്തില്‍ മുഴുകിയ ഒരു ഏകാകി

അപ്പോള്‍ ഞാന്‍ നിന്നെക്കുറിച്ച് സ്വപ്നം കാണുകയായിരുന്നു

(ഒരു zen സ്വപ്നകഥയോട് കടപ്പാട് )

Tuesday, April 28, 2009

തിരിച്ചറിവുകള്‍

വേനലിനോട് ഈ തീഷ്ണ വിരല്‍ കൊണ്ട് എന്നെ തൊടരുതെന്ന് ഞാന്‍ പറയില്ല
വേനലിന് എന്ന്നെ അറിയില്ലെന്കിലോ ..
പെയ്യാന്‍ മടിക്കുന്ന മഴമെഘങ്ങലോടും എനിക്ക് പരാതിയില്ല ..
ഒരു മേഘവും എനിക്കായി പൊഴിയാനീല്ലെന്നെനിക്കറിയാം..
വസന്തം ഒരു പൂവും എനിക്കായി വിരിക്കില്ലെന്കിലും ..
ഞാന്‍ പാതയോരങ്ങളിലെ പൂത്ത മരങ്ങള്‍ നോക്കി നില്‍ക്കും ..
എങ്കിലും ഒരു പൂവും എന്നെ തിരിച്ചറിയില്ലെന്നെനിക്കറിയാം..
മഞ്ഞു കാലത്ത് അതികാലത്തെ ഞാന്‍ തണുത്ത കാറ്റ്
ഏറ്റു പുറത്തു നടക്കും
എന്റെ ഹൃദയത്തിലേക്ക് ഹേമന്തത്തിന്റെ വിരലുകള്‍ താഴട്ടെ ..

Friday, April 24, 2009

മരീചിക

ഉഷ്ണകാറ്റാണു കടല്‍ക്കരയില്‍ ..കടലിനും തീചൂട് ..
ഒരു തണലും ബാക്കിയില്ല..
മണല് പഴുത്തു കിടന്നു ..
നടന്നടുക്കുമ്പോഴും തോണി തിരയില്‍ ആടി അകന്നു ..
ഒരു തണല്‍ തേടി ..
തിരിച്ചു നടക്കുമ്പോള്‍ ..
മരുക്കാടിനുമപ്പുറം..
നദിക്കരയില്‍ ...നീ ...എന്നെ വിളിക്കുന്നു ..
നടന്നടുക്കുവാന്‍ ഒരു മരീചിക ദൂരം

Friday, April 17, 2009

വിളിക്കാതിരിക്കുമ്പോള്‍

നീയെന്താ വിളിക്കാത്തത് ..?

അല്ലെന്കിലും എന്താ ഇത്ര പറയാനുള്ളത് ?

ഒന്നും പുതുതായില്ല ..
പഴയതൊന്നും പറയാനും ബാക്കിയില്ല ..

അല്ലെങ്കില്‍ നീയെന്താ വിളിക്കാത്തത് ..

പറയാന്‍ ഇനിയും എത്രയാണുള്ളത്..

ഇനി നിന്നോട് പറയാം

നീയില്ലാതിരുന്നപ്പോള്.. ,
നീ വിളിക്കാതിരിക്കുമ്പോള്‍ ..

ഞാനെന്തൊക്കെ ചെയ്തെന്നു ..
അല്ലെങ്കില്‍ എന്തൊക്കെ ചെയ്തില്ലെന്ന് ..

Friday, April 10, 2009

അജ്ഞാതന്‍

വേഗം കൂടി ..കാഴ്ചകള്‍ വെളിച്ചത്തിന്റെ
ഒഴുക്കുകള്‍ മാത്രമാകുന്ന വീഥികളില്‍ ...
ഒരാള്‍ എന്നോട് നിന്നെ കുറിച്ച് പറയുന്നു

വിഷാദം നിറം കെടുത്തിയ സന്ധ്യകളില്‍ ..
ഒറ്റപെട്ട തീരങ്ങളില്‍ ..
വിളര്‍ച്ചയാര്‍ന്നു പെയ്യുന്ന നിലാവ് ..
അപ്പോള്‍ അയാള്‍ എന്നോട് നിന്നെ കുറിച്ച് പറയുന്നു

ഈ വേനല്‍മഴ കോരിയൊഴിച്ച കുളിരിനു ...
ഉഷ്ണപകലുകളിലെ നിന്‍റെ വിളികളുടെ തലോടലാനെന്നു പറയുന്നു
കൂടിച്ചേരലിന്റെ പൊട്ടിച്ചിരികള്‍ക്ക് മേല്‍
പതഞ്ഞു പൊങ്ങിയ ലഹരിയുടെ നുരകള്‍ക്ക് ..
നിന്‍റെ ഓര്‍മകളുടെ ഉണ്മാധമാനെന്നു അയാള്‍ പറയുന്നു ..

അയാള്‍ എന്റെ കണ്ണാടിയിലെ അജ്ഞാതന്‍

Friday, April 3, 2009

പീഡാനുഭവം

വാതിലുകള്‍ക്ക് പിന്നില്‍ നിന്നു നീ അടക്കിയ ശബ്ദത്തില്‍ പറഞ്ഞു ..
"നിന്നെ ഞാനറിയുന്നു എന്നെ നീ അറിയുന്നതിലും കൂടുതല്‍ ...
നിന്‍റെ ശബ്ദം എന്നോടുള്ള പ്രണയത്തില്‍ വിറയ്ക്കുന്നത് ..എല്ലാം ഞാനറിയുന്നു "
എന്റെ പിഴ എനിക്കത് മനസിലാക്കാന്‍ കഴിയുന്നില്ലല്ലോ ..

വാതിലുകള്‍ തുറന്നു ഞാന്‍ നിന്നോട് പറഞ്ഞു "ഇപ്പോള്‍ എനിക്ക് നിന്നെയറിയാം.."
നിന്‍റെ മുഖത്ത് പുതിയ ഭാവം .."നിന്നെ ഞാന്‍ അറിയില്ല ..മറ്റുള്ളവരെ പോലെ .."

അപ്പോള്‍ മൂന്ന് വട്ടം പൂവന്‍ കോഴിയുടെ ശബ്ദത്തില്‍ ഡോര്‍ ബെല്‍ മുഴങ്ങി ..
ഒരു പാര്‍സല്‍ ഉണ്ട് ..
ഒരു മരകുരിശ്...
അതില്‍ ഓഫ് സീസണ്‍ സ്പെഷ്യല്‍ ഓഫര്‍ 30% കൂടുതല്‍ ഭാരം എന്നെഴുതിയിരുന്നു ...

Saturday, March 28, 2009

ഉച്ച മയക്കം

പടര്‍ന്നു പച്ചച്ചു നിറഞ്ഞു കായ്ച്ച മാവിന്റെ തണലില്‍ ..

വെട്ടിയൊതുക്കിയ പടവുകള്‍ താഴെ ഓളം വെട്ടി ..

താഴെ തണുപേറും..കുളത്തിനു ചാരെ ...

അയല്‍ക്കാരുടെ കൂട്ടം .. ചുറ്റും പല വര്‍ത്തമാനങ്ങള്‍

അമ്മയുടെ മടിയില്‍ തലചായ്ച്ചു വിരിച്ച പായില്‍ ഒരു ഉച്ച മയക്കം

കാറ്റില്‍ പഴുത്ത മാമ്പഴത്തിന്‍ ഗന്ധം ..
ഇടയ്ക്ക് കൊഴിയുന്നു പാതി കരിഞ്ഞ മാമ്പൂക്കള്‍

തഴുകി കടന്നു പോകുമ്പോള്‍ വേനല്‍ ബാക്കിയാക്കിയ സാന്ത്വനം ..

കവിളില്‍ ഇഴഞ്ഞു കയറിയ പുളി ഉറുമ്പ് ..

ഞെട്ടി ഉണരുമ്പോള്‍ മൊബൈലില്‍ കോള്‍..

താഴെ കുടിവെള്ള ലോറി വന്നിട്ടുണ്ട്

Saturday, March 21, 2009

മരീചികയില്‍ നിന്നും പകര്‍ന്നെടുത്തത്..

താഴെ ചുട്ടു പൊള്ളുന്ന മണല്‍ വഴി ..

മുകളില്‍ അഗ്നി പെയ്യും ആകാശം ..


പഴുത്തു പരന്ന മണല്‍ കൂനകള്‍ക്ക് ..

പകല്‍ ചൂടിന്റെ ചുവപ്പ് ..


കുഴയുന്ന കാലുകള്‍ക്ക് തുണ ..

മണല്‍ കാറ്റ് മറയ്ക്കുന്ന കാഴ്ചകള്‍ ..


ദൂരെ മരീചിക കാനല്‍ ജലം ഇളം കാറ്റു..

ആടി ഇളകുന്ന പച്ച പകിട്ടുകള്‍ ..


കൈ നീട്ടി തൊട്ടു എടുത്തതു ..

ഒരു തുള്ളി ജീവന്റെ കിനാവ് ..നീ

Saturday, March 14, 2009

നിറം

നാം പരസ്പരം ചേര്‍ന്ന് നടന്നപ്പോള്‍ ..
ചുറ്റും വിരിഞ്ഞത് ഒരായിരം നിറങ്ങള്‍ ..
അകന്നു നടക്കുമ്പോള്‍ ..
ഒരു നിറം മാത്രം ബാക്കി ..
വിരഹതിന്ടേത്

(സുഗത കുമാരിയുടെ ഒരു കവിതയോട് കടപ്പാട് )

Friday, March 6, 2009

പ്രഭാതം

അകന്നു പോയ ആ സന്ധ്യയ്ക്ക്‌ ....
നിന്‍റെ ചാരെ ഞാന്‍ നടന്നു ..
നീ കണ്ടില്ല ...എന്നെ ..
എന്നത്തെയും പോലെ ...
വെളിച്ചം അകന്നു പോയ്കൊണ്ടിരുന്നു ..
ഇരുട്ട് നിറഞ്ഞു വന്നു ...ചുറ്റും ..എന്‍റെ ഉള്ളിലും
രാത്രി ...സ്വപ്നങ്ങളില്‍ വീണ്ടും നീ ഉദിച്ചു..
അങ്ങിനെയാണ് പ്രഭാതം വീണ്ടും വിരിഞ്ഞത് ..

Saturday, February 28, 2009

നിലാവ്

നിലാവിന്‍റെ നേര്‍ത്ത തലോടല്‍ മാംബൂക്കളില്‍ വെളിച്ചം ...
നിന്നോട് ഞാന്‍ പറഞ്ഞു "നിന്നെ സ്നേഹിക്കുന്നു എത്ര എന്നറിയാതെ '
നീ പറഞ്ഞു "ആഹ .. ഇതിന് മുന്‍പും ഞാന്‍ കേട്ടിട്ടുണ്ട് പലരും ഇങ്ങിനെ പറയുന്നത് " "അപ്പൊ ഞാന്‍ ഇനി എങ്ങിനെ പറയണം "
ഒരു വിരല്‍ തൂവാല ചുറ്റി പെണ്‍വേഷം ..
മറു വിരല്‍ പകുതി മറച്ചു ആണ്‍ വേഷം ..
രണ്ടു വേഷങ്ങള്‍ക്കും ശബ്ദം കൊടുക്കുന്ന ഈ ഞാന്‍ പ്രതിസന്ധിയില്‍ ...
"ഞാന്‍ നിന്നെ ഈ നിലാവ് പോലെ സ്നേഹിക്കുന്നു .."
നിലാവിന് ഭ്രാന്തെന്നും അര്‍ത്ഥമുണ്ടെന്ന് ആരോ പറഞ്ഞു.. അത് ശരിയാവണം

Wednesday, February 25, 2009

കൊടുമുടികള്‍ കീഴടക്കിയവരോട് ..
താഴെ തോറ്റു മടങ്ങിയവരെ കുറിച്ച് പറയരുത്‌
പുച്ച്ചതിന്റെ ചന്ദ്രകല വിരിയുന്നത് വേദനയുടെ രാത്രികളിലാവും ...
വസന്തം കടന്നു പോയ വഴികളില്‍ വൈകി പൂത്ത പൂമരത്തോടു
കൊഴിയുവാന്‍ പറയരുത്‌ ...
ഒഴുകി അകലുന്ന കണ്ണുനീര്‍ ചാലുകള്‍ കൊഴിഞ്ഞ പൂവുകളെ
ദൂരെ എവിടെയ്കോ വിളിച്ചു കൊണ്ട് പോവുന്നു ...
താഴ്വാരങ്ങളില്‍ ആരോ വസന്തത്തെ കുറിച്ച് പാടുന്നു

Saturday, February 21, 2009

വഴികള്‍

നടന്നു പോയത് ..

ഇന്നലെ നാം പരസ്പരം പറയാന്‍ മറന്ന രാത്രിയിലേക്കുള്ള വഴിയിലായിരുന്നു..

പാതവക്കില്‍ പാതി ഉറക്കം നടിച്ചവരും ..സ്വപ്നാടകരും ..

പരസ്പരം എന്തോ പറഞ്ഞു..എന്തോ കേട്ടുവെന്നും നടിച്ചു..

നീയും ഞാനും, വീണ്ടും നമ്മള്‍ കണ്ടുമുട്ടിയത് ..

എത്തി ചേര്‍ന്നത് ഒരു സ്വപ്നതിലായിരുന്നു ..

Friday, February 13, 2009

ചുവന്ന റോസ്

ഈ റോസ് ..നീ തന്നത് ...

നീ മറന്നു ഈ ദിനം ..
നെഞ്ചോടു ചേര്‍ത്തപ്പോള്‍ ഇഷ്ടത്തോടെ തറഞ്ഞ ... കൂര്‍ത്ത മുള്ളുകള്‍ ..
ഈ വേദന ഒരു തഴുകുന്ന നൊമ്പരം .. പടരുന്ന നിറം ..

ഹൃദയത്തില്‍ നിന്നോ ..പൂവില്‍ നിന്നോ ..?


തഴുകുന്നില്ല ദലങ്ങളെ ..അടരാതിരിക്കട്ടെ ..എന്നും ..

കൊഴിയാതെ ഇരു കൈകളും കൊണ്ടു ഞാന്‍ കാത്തുവയ്ക്കട്ടെ..
ഈ ചുവന്ന റോസ് ..നീ തന്നത് ...

നീ തന്നത് വെളുത്ത റോസായിരുന്നോ ...?

Saturday, February 7, 2009

ചിത്രം

നീ നീട്ടിയ പൂവ് ഞാന്‍ ...

എന്നും കാണാന്‍ ചില്ല് പാത്രത്തിലാക്കി ഫ്രീസറില്‍ വച്ചു..

അതിന്‍റെ തണ്ടിലെ മുള്ള് കൊണ്ടു വിരലില്‍ കോറി..

ഒരു ചിത്രം വരച്ചു ..

അതും ഒരു ചുവന്ന റോസ് തന്നെയായിരുന്നു

Saturday, January 31, 2009

ചതുരങ്ങള്‍

ഇന്നു നിന്‍റെ വിളിക്ക് കാതോര്‍ത്തു ..എന്‍റെ വിളികള്‍ ..

പരിധികള്ക്കപ്പുറത്ത് മറുപടിയില്ലാതെ മടങ്ങി ..
ഇവിടെ ഇന്റര്‍ നെറ്റ് കഫെ യില്‍ ആള്‍ തിരക്ക് ..

കാത്തു നിന്നു കിട്ടിയ കമ്പ്യൂട്ടറില്‍ നെറ്റ് സ്ലോ ..
രാത്രി .. അവസാന വണ്ടി കാത്തു നില്ക്കുന്നു ..

സമയം അധികമില്ല തിരിച്ചു പോകാന്‍ ..
മെയില് ഓപ്പണ്‍ ആയി ..നിന്‍റെ മെയില്‍ തുടിക്കുന്നുണ്ട് ... തുറന്നു വരാന്‍ സമയമെടുത്തു..
പക്ഷെ ഫോണ്ടില്ല ..ചതുരങ്ങള്‍ ..ചതുരങ്ങള്‍ മാത്രം ...

എന്താവാം ഈ ചതുരങ്ങള്‍ പറയുന്നത് ..?

മുന്നിലെ മോണിറ്ററിന്റെ ,തിരിച്ചു നടക്കുമ്പോള്‍ വാതിലിന്റെ ..
ചതുരങ്ങളില്‍ നീ
ഞാന്‍ കേള്‍ക്കാന്‍ കൊതിച്ച വാക്കുകളായി മുന്നില്‍ നിന്നു ..

Saturday, January 24, 2009

സ്വപ്‌നങ്ങള്‍

ഇതു വരെ കാണാത്ത നിറങ്ങളാണ് നീ എന്നും അണിയുന്നത് ..
സ്നേഹത്തിന്റെ ,വിരഹത്തിന്റെ ,കണ്ണീരിന്റെ,പ്രതീക്ഷയുടെ ...
നിന്റെ മൊഴികളില്‍ ഏതോ ജന്മത്തിന്റെ സ്പര്‍ശം ..
നിന്റെ ചിരികളില്‍ ഏതോ നിലാവില്‍ വിരിഞ്ഞ പൂവുകള്‍
ഓരോ രാവും പുലരുമ്പോള്‍ ഞാന്‍ നിന്റെ അടുത്തിരിക്കുന്നു..
നിന്നോട് ഓരോന്ന് പറഞ്ഞെന്നു കരുതുന്നു ..രാവുകള്‍കായി കാത്തിരിക്കുന്നു ..
രാത്രികളില്‍് ഞാന്‍ നിന്നിലാണല്ലോ..
അതോ നീ എന്നിലോ ..?

Saturday, January 17, 2009

മല മുകളില്‍

പുറപ്പെടുമ്പോള്‍ ഒരു ലക്‌ഷ്യം..ഒരു മനം..
കൂടെ നടക്കുമ്പോള്‍ ഒരേ ചുവടുകള്‍ ..ഒരു വിഷയം ..
ദൂരെ മലമുകളില്‍ മേഘങ്ങള്‍ ..
അരികെ താഴ്വാരങ്ങള്‍ പച്ച പുതച്ചു..
ചുറ്റും നോക്കി ചുറ്റി തിരിഞവര്‍്..പിരിഞ്ഞു മറ്റൊരു കൂട്ടമായ്‌ ..
അരുവി കുളിര് പകര്ന്നു ..ഒന്നു നനഞ്ഞു ..നടന്നു
നീന്തി നനഞ്ഞവര്‍ ലക്‌ഷ്യം മറന്നു ..
വിരിഞ്ഞ പൂവുകള്‍ ..മതിമറന്നവര്‍്..അവിടെയലിഞ്ഞു..
പക്ഷികള്‍ പലവിധം ..കാഴ്ചകള്‍ ..മനോഹരം ..

തളരുന്നു അവസാന ചുവടുകള്‍ ..
ഒടുവില്‍ ഞാനൊറ്റയ്ക്ക് ..
ഈ മലമുകളില്‍ ..വെറും വെളുത്ത പാറകള്‍ മാത്രം ..
മേഘങ്ങള്‍ മൂടിയ താഴ്വരകള്‍ താഴെ ...
തിളങ്ങി ഒഴുകി അകലുന്ന അരുവിയും

കടന്നു വന്ന വഴികള്‍ തന്നെ യാത്ര ..
ലക്ഷൃവും

Saturday, January 10, 2009

ഇതു വരെ ..

ഇന്നലെ വരെ കാത്തിരുന്ന് വിരിയിച്ച ദളങ്ങള്‍ തഴുകി ..

കാത്തിരിപ്പു കഴിഞ്ഞു ... അത് വാടിയിരിക്കുന്നു ...

എത്ര കാലം കാത്തിരുന്നു പ്രണയം സഫലമായി ..

ഇതു വരെ കണ്ടത്, കാത്തിരുന്നത് നിന്നെയായിരുന്നോ ..?

ഇടയ്ക്ക് മുറിഞ്ഞ നിദ്രയില്‍ ഒരു സുന്ദരസ്വപ്നം മുഴുവനാകാതെ മാഞ്ഞു ...

നന്നായി ..

ആര്കറിയാം അവസാനം എങ്ങിനെയാവുമെന്ന്..?

Saturday, January 3, 2009

രാവില്‍

നിനക്കായി ..ഇന്നും ഉണര്‍ന്നിരിക്കുന്നു ...

രാത്രി നിശബ്ദമായി കടന്നു പോകുന്നു ..നിലാവും ..

ഈ മരക്കൂട്ടങ്ങള്‍ മിന്നാമിനുങ്ങുകളുടെ പൊട്ടുകള്‍ ചൂടി നില്ക്കുന്നു ..

ഇരുണ്ട നീല തടാകത്തില്‍് കാറ്റ് ഓളങ്ങള്‍ ഉണര്‍ത്തുന്നു ..

ഈ രാവില്‍് നിന്നെ കുറിച്ചു സ്വപ്നങളിലേക്കു മടങ്ങട്ടെ ..