Saturday, November 29, 2008

നീ ....സഹീറാണ്

നീ നിറയുന്നത് ..
പുലര്‍കാറ്റ് തൊട്ടുണര്‍ത്തുന്ന പൂവുകളുടെ നനുത്ത സുഗന്ധമായി..
വിട പറഞ്ഞ രാത്രി പുല്‍നാമ്പുകളില്‍ ബാക്കിയാക്കിയ ആര്‍ദ്രതയുടെ തുള്ളികളായി ..
മഞ്ഞു തുള്ളികളില്‍ നൂറു രാജികള്‍ വിരിയിക്കും സുര്യരശ്മി ...
സുര്യശോഭയില്‍ വിരിയുന്ന താമരയിതളിന്റെ സ്പന്ദനം..
ശരത്കാല സന്ധ്യ കളില്‍ വിരുന്നെത്തുന്ന ചുവന്ന ചക്രവാളം പോലെ ..
കടല്‍ക്കരയില്‍ ആരോ എഴുതി പാതി മാഞ്ഞൊരു പ്രണയാക്ഷരം പോലെ ..
കോടമഞ്ഞു മായുമ്പോള്‍ തെളിയുന്ന വിദൂര താഴ്വാരം പോലെ..
അരുവിഅലകളില്‍ തൊട്ടു ചാഞ്ഞു കിടന്നൊരു കാട്ടുപൂവിന്റെ ലാസ്യം ..
രാത്രിമഴയുടെ കോരിത്തരിപ്പിക്കുന്ന കുളിര്‍പുതപ്പ് ...

ജീവശ്വാസം ഓരോ നിമിഷവും കാത്തുവെച്ച വിസ്മയങ്ങളില്‍ ..
ഹൃദയം തൊടുന്ന പുതിയ താളമായി ..
ഓരോ നിമിഷവും ഓര്‍മകളില്‍ ഉന്മാദം നിറയ്ക്കുന്ന ആര്‍ദ്ര സാന്നിധ്യം ..

വിളിക്കാനൊരു വാക്കു ഇപ്പോഴാണ് കിട്ടിയത് ..
നീ .......നീ ....സഹീറാണ്

Saturday, November 22, 2008

മറക്കാനെന്തെളുപ്പം ..

കടലിലേക്ക്‌ തുറക്കുന്ന ജാലകങ്ങള്ക്കപുറം
മറയുന്ന സൂര്യന്റെ ചുവന്ന മുഖം കണ്ടു ആകെ ചുവന്ന മധു പാത്രം..
ദൂരെയ്ക് പറന്നുപോയ പക്ഷികൂട്ടതിനോപ്പം എല്ലാമോര്‍മകളും ..
മറന്നകന്നെന്നു കരുതി ..
അവസ്സാനതുള്ളികളില്‍ ബാക്കിയായത് ..നിന്‍റെ കണ്ണുനീര്‍ മാത്രമായിരുന്നു ..
ബാക്കിയായത് നമ്മള്‍ മാത്രം...

ആടി തിമിര്‍ത്ത നൃത്ത ചുവടുകളില്‍ ..
ഒരുമിച്ചു നടന്ന പാതകള്‍ മറഞ്ഞെന്നു തോന്നി..
താളം നിലച്ചപ്പോള്‍ നര്‍ത്തകര്‍ പിരിഞ്ഞപ്പോള്‍
മനസ്സു നിന്‍റെ ചുവടുകള്‍് പോയ വഴികളില്‍
തനിച്ചു നടന്നു ...

നിറങ്ങളില്‍ മുങ്ങി അമരുന്ന ഓര്‍മ്മകള്‍ ..
വിടര്‍ന്ന ചിത്രങ്ങളായി പടര്ന്നു ..

ഓര്‍മ്മകള്‍ നിറയുന്ന പഴയ വീഥികളില്‍ നിന്നും ..
ഏതോ ദൂരങ്ങളിലേക്ക് കുതിച്ചു പായുമ്പോള്‍ ..
കാറ്റിനും മുന്നേ ..വ്യക്തമല്ലാത്ത ലക്ഷൃങ്ങളില് ..
നീ മാത്രം തെളിഞ്ഞു ..
മറക്കാനെന്തെളുപ്പം ..
ഒരു വശം മാത്രം ബാക്കിയായ നാണയതുട്ടു പോലെ..
ഞാന്‍ ഓര്‍മകളില്‍ നിന്നും മറന്നു അകന്നിരിക്കുന്നു

Saturday, November 15, 2008

തിരസ്കാരങ്ങളുടെ രാത്രി

നീയെന്‍റെ ഹൃദയം നിഷേധിച്ച രാത്രി ..
നിശബ്ധധയുടെ നിലവിളി കേട്ടു ഞാന്‍ ഞെട്ടി ഉണര്‍ന്നപ്പോള്‍ ..കറുത്ത പൂവുകള്‍ വിരിയുന്ന വരണ്ട തീരങ്ങളില്‍ പെയ്ത കണ്ണുനീര്‍ മഴയില്‍ നനയുന്നതായി കണ്ട സ്വപ്നം മറഞ്ഞു ..

നാഴിക മണിയുടെ നാവില്‍ പരിഹാസം ബാക്കിയായി ..ഓരോ നിമിഷവും കൂര്‍ത്ത മുനയാല്‍ പലവട്ടം തട്ടി ഉണര്‍ത്തി ..
ഉറക്കം മറന്ന കണ്ണുകളില്‍ നനവും..സ്വപ്നങളും ചേര്ന്നു ..
ദീര്‍ഘ നിശ്വാസങ്ങള്‍ക്ക് ഉഷ്ണ ചൂടു ...
നഷ്ടസ്വപ്നങ്ങളുടെ കനം തൂങ്ങിയ ശിരസ്സ്‌
ഓരോ നിമിഷവും നെഞ്ചില്‍ തറഞ്ഞ കൂര്‍ത്ത വേദന പറിച്ചെറിയാന്‍ കൈകള്‍ തിരഞ്ഞു ..
അത് നഷ്ടമായതിന്റെ വേദനയായിരുന്നു

നഷ്ടമായത് .. നിന്നെ കുറിച്ചു മാത്രം പാടാനറിയുന്ന
ഒരു ഹൃദയമായിരുന്നു ....തിരിച്ചറിയാതെ പോയ മായകാഴ്ച്ചകളില് മയങ്ങിയതിന്റെ ശിക്ഷ അതേറ്റു വാങ്ങി ..
അപ്പോള്‍ രാത്രിമഴ കറുത്ത് പെയ്യുകയായിരുന്നു ..മഴയിലേക്ക്‌ നീട്ടിയ കയ്യില്‍ വീണു പരന്നത് ചോരയായിരുന്നു ..എന്‍റെ തന്നെ ഹൃദയ രക്തം ...

Tuesday, November 11, 2008

ഛായമുഖി

ഛായമുഖി ഹിഡുംബി ഭീമനു സമ്മാനിച്ച, മനസ്സിന്‍റെ പ്രണയം മനസ്സിലാക്കുന്ന മാന്ത്രിക കണ്ണാടിയാണ് .കീചക വധത്തിനു ശേഷം കീചകന്റെ മനസ്സിലെ ദ്രൗപതിയുടെ രൂപം ഭീമന് ആ പ്രണയത്തിന്‍റെ ആഴം ഒരു ആഘാതമായി .ദ്രൌപതിയുടെ മനസ്സിലെ അര്‍ജുനരൂപം മറ്റൊരു അറിവും. ഇനി വായിക്കുക

Saturday, November 8, 2008

കീചകവധം

കരുണ ചെയ്തു നീ ഭീമാ ..
കരള്‍ പിളര്‍ന്ന വേദന എന്നോ മറന്നു..

തളിര്‍ത്ത ആസക്തി വിടര്‍ത്തിയ രാത്രികള്‍ മറഞ്ഞു
പ്രണയം പരിമളം പരത്തിയ പകലുകളും ..

നിന്‍റെ കണ്ണില്‍ വിടരുമെന്നാശിച്ച പ്രണയ പൂവുകള്‍ കൊഴിഞ്ഞു പോയി ..
നിന്‍റെ പദനിസ്വനങള്‍ക്കു ചെവിയോര്‍ത്തു മിടിച്ച ഹൃദയം എന്നോ ഈ ലോകം മറന്നു..

നഷ്ടമായതൊന്നും ഓര്‍മയിലില്ല
നേടുവാനും ഒന്നും ബാക്കിയില്ല ..

നിനക്കറിയാം ഭീമാ ..
ഒരിക്കലും വിടരാതെ പോയപ്രണയ സൌഗന്തികങ്ങളുടെ വേദന..
ഏത് യുദ്ധനേട്ടം പകരം തരും നിനക്കാ വിജയം..

പ്രണയിക്കുവാനെന്തെളുപ്പം ..
പ്രണയം നേടുവാനിനിയെത് പുനര്‍ജ്ജന്മം ...

(പ്രശാന്ത് നാരായണ്‍ന്റെ നാടകം ഛായാമുഗിയോട് കടപ്പാട് )

Saturday, November 1, 2008

തുലാമഴ

നഗരത്തിന്റെ നിരത്ത് നിറഞ്ഞ ആള്‍കൂട്ടം
ഒരാള്‍ ..ഇണകള്‍ ..കൂട്ടങ്ങള്‍ ..കണ്‍കളില്‍ പ്രതീക്ഷകള്‍ ..നിരാശകള്‍ ..കണക്കുകൂട്ടലുകള്‍
സായാഹ്ന്നതിന്റെ മന്ദതയില്‍ അലിഞ്ഞു നടന്നവര്‍ ..

മുന്നറിയിപ്പിലാതെ പെയ്തു ചിതറിയ തുലാമഴ ..ചിതറി അകന്നവര്‍..

പരസ്പരം ചേര്‍ന്ന് ഒരു കുടയില്‍ നനവിനെ തടുത്തവര്‍ ..
ഓടി മറവുകള്‍ തേടുന്നവര്‍ ..
ഈ തുലാമഴയില്‍ ഒറ്റയ്ക്ക് നനയുമ്പോള്‍ ..
നീ വന്നു ..കൂടെയുള്ളവരും...
ഒരു കുട ചൂടി ..ഒരു കുട കയ്യില്‍ കരുതി നീ ...നിറഞ്ഞ പെയ്തു മഴയെ നോക്കി നടന്നു ..

തെറിച്ച തുലാമഴതുള്ളികള് നിന്റെ മുടിയിഴകളില്‍ മുത്തുകള്‍ ..
പെയ്തു മഴയുടെ കൌതുകം കണ്‍കളില്‍ ..

ഒരു നിമിഷം നാം പരസ്പരം കണ്ടു ..

ഒന്നു വിടര്‍ന്ന മിഴികള്‍ ..പരിഭ്രമം മറയ്ക്കാന്‍ മറന്നു ..

കരുതിയ കുടയില്‍ നിന്റെ കയ്യുകള്‍ പരതുന്നത് കണ്ടു ..

പിന്നെ അറിയാത്തവരായി നാം കടന്നു പോയി ...

സ്നേഹരാഹിത്യത്തിന്റെ വേനല്‍ പടരുന്ന പകലില്‍ ..

ഒരു മിഴി കുമ്പിള്‍ .. സ്നേഹത്തിന്റെ മഴകുടയില്‍് നടന്നു